ശ്രീകാന്തിന് ഡെപ്യൂട്ടി കളക്ടര്‍ പദവി നല്‍കി ആന്ധ്രാ സര്‍ക്കാര്‍

sreekanth

അമരാവതി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കെ.ശ്രീകാന്തിന് ഡെപ്യൂട്ടി കളക്ടര്‍ പദവി നല്‍കി ആന്ധ്രാ സര്‍ക്കാര്‍. ആന്ധ്രയുടെ തലസ്ഥാനമായി ഉയര്‍ന്നുവരുന്ന അമരാവതിയില്‍ വച്ച് ശ്രീകാന്തിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമന ഉത്തരവ് കൈമാറി. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ല സ്വദേശിയാണ് ശ്രീകാന്ത്.

ശ്രീകാന്തിന് നിയമന ഉത്തരവ് കൈമാറിയ ചടങ്ങില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പുല്ലേല ഗോപിചന്ദും സന്നിഹിതനായിരുന്നു. ഇരുപത്തി നാല് വയസ്സുളള ശ്രീകാന്ത് 2017ലെ ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസ് പുരുഷ സിംഗിള്‍സ് വിജയിയാണ്. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.

ശ്രീകാന്തിന് നേരത്തെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയപ്പോഴാണ് ശ്രീകാന്തിന് ജോലി നല്‍കുമെന്ന് ആന്ധ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒപ്പം രണ്ട് കോടി രൂപയുടെ പ്രത്യേക പാരിതോഷികം നല്‍കുമെന്നും ചന്ദ്രബാബു നായിഡു അറിയിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ അദ്ദേഹം നാല് സൂപ്പര്‍ സീരിസ് കിരീടങ്ങള്‍ നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ 29 ന് ആന്ധ്ര സര്‍ക്കാര്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് സര്‍ക്കാരില്‍ ഗ്രൂപ്പ് വണ്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കിയിരുന്നു.

Top