സൈബർ സമ്മേളനത്തിൽ ഇറ്റലിയിലെ രാജാവിന്റെ ചെറുമകനും !

സൈബര്‍ സുരക്ഷാ രംഗത്തെ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സായ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രാസംഗികനായി ഇറ്റലിയിലെ ഉംബര്‍ട്ടോ രാജാവിന്റെ ചെറുമകനായ മൈക്കില്‍ ഡെ യൂഗോസ്ലാവ് എത്തുന്നു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സെപ്തംബര്‍ 18, 19 തീയതികളില്‍ നടക്കുന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് മൈക്കില്‍ ഡെ യൂഗോസ്ലാവ് സംസാരിക്കുന്നത്.

കൂടാതെ ഇന്‍ഫോസിസിന്റെ കോ ഫൗണ്ടറും, ആക്‌സിലര്‍ വെന്‍ച്വര്‍ ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണന്‍, എസ്.ഡി, ഷിബുലാല്‍, ലോക പ്രശസ്ത ഹാക്കര്‍ ക്രിസ് റോബര്‍ട്ട്, ലോക പ്രശസ്ത ത്രെഡ് റിസര്‍ച്ചര്‍ ഡോ. ഫ്യോഡര്‍ യാരോക്ലിന്‍, സീറോകോപ്ടര്‍ സിടിഒ റിക്കാര്‍ഡോ ടെന്‍ രാഫ്ഫ്, എച്ച് എസ് ബി സി എംഡി സുനില്‍ വര്‍ക്കി, ടെക് മഹേന്ദ്രയിലെ ചീഫ് സെക്യൂരിറ്റി ആര്‍ക്കിടെക് അമിത് ദുബൈ, യു.കെയിലെ അസ്താരാ കമ്പിനി ലിമിറ്റഡിലെ ചീഫ് സൈബര്‍ ഓഫീസര്‍ വില്യം എഗെര്‍ടണ്‍, യുഎഇ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡിജിറ്റല്‍ സര്‍വ്വീസ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ – ഓവീസ്, തുടങ്ങിയവരും വിവിധ സൈബര്‍ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.

കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ രാജ്യത്തിനും പുറത്തും നിന്നുള്ള 3000ത്തിലധികം പേരാണ് പ്രതിവര്‍ഷം കേരളത്തില്‍ വെച്ച് നടന്ന കൊക്കൂണ്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിരുന്നത്. സൈബര്‍ സെക്യൂരിറ്റി രംഗത്ത് ഉണ്ടാകുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍ രാജ്യത്തെ തന്നെ സൈബര്‍ രംഗത്തുള്ളവര്‍ക്ക് പുത്തന്‍ ആശയങ്ങളാണ് ലഭിക്കുന്നത്.

Top