സ്വന്തം പാര്‍ട്ടിയെ ‘വെട്ടിലാക്കുന്ന’ തരൂരിന്റെ ‘മോഹങ്ങളും’ ചില്ലറയല്ല . . !

മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായ ശശി തരൂര്‍ ലക്ഷ്യമിടുന്നതും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം. നെഹ്‌റു കുടുംബത്തിന് പുറത്തുള്ളയാള്‍ പാര്‍ട്ടി പ്രസിഡന്റാകണമെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാടാണ് തരൂര്‍,തനിക്ക് അനുകൂലമായി കാണുന്നത്. രാഹുല്‍ ഗാന്ധിയും പ്രസിഡന്റ് പദം ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണിപ്പോള്‍. നിലവിലെ അധ്യക്ഷ സോണിയ ആകട്ടെ എത്രയും പെട്ടന്ന് പദവി ഒഴിയണമെന്ന നിലപാടിലുമാണ്.

അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ശശി തരൂര്‍ അദ്ധ്യക്ഷനായാല്‍ മോദിക്ക് ഒത്ത എതിരാളിയാകുമെന്നാണ് തരൂര്‍ അനുകൂലികള്‍ വാദിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ശക്തനായ പടനായകനെയാണ് പാര്‍ട്ടി അണികളും ആഗ്രഹിക്കുന്നത്. ബീഹാര്‍, ബംഗാള്‍, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ്സിന്റെ സ്ഥിതി അതി ദയനീയവുമാണ്. കേരളത്തില്‍ മുസ്ലീം ലീഗില്ലാതെ അധികാരം സ്വപ്നം കാണാന്‍ പോലും കഴിയുകയുമില്ല.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ലീഗിനും ഉണ്ട് കടുത്ത ആശങ്കകള്‍. യു.പി.എ ഘടകകക്ഷികളായ ആര്‍.ജെ.ഡി, ഡി.എം.കെ, എന്‍.സി.പി പാര്‍ട്ടികളും തങ്ങളുടെ ആശങ്ക കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. മതേതര ചേരിക്ക് കരുത്ത് പകരേണ്ട പാര്‍ട്ടി തന്നെ സ്വയം നശിക്കുന്നതിലാണ് ഘടകകക്ഷികളുടെ രോഷം. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് പുതിയ പ്രസിഡന്റിനെ കോണ്‍ഗ്രസ്സിപ്പോള്‍ തേടുന്നത്. ഇതാണ് തരൂരും തനിക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ പാര്‍ട്ടിയില്‍ ജൂനിയറായ തരൂരിനെ തലപ്പത്ത് പ്രതിഷ്ടിക്കുന്നതിനെതിരാണ് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാട്. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും തരൂരിന്റെ നേതൃത്വം ഇഷ്ടപ്പെടുന്നില്ല. സോണിയയുടെ അസാന്നിധ്യത്തില്‍ സൂപ്പര്‍ പ്രസിഡന്റ് ചമയുന്ന കെ.സി.വേണുഗോപാലിനും തരൂരിന്റെ നീക്കം ആശങ്ക പരത്തുന്നതാണ്. തരൂര്‍ അദ്ധ്യക്ഷ സ്ഥാനത്ത് വന്നാല്‍ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആദ്യം തെറിക്കുന്നതും കെ.സിയായിരിക്കും. രണ്ട് മലയാളികളെ പാര്‍ട്ടി തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ ഉത്തരേന്ത്യന്‍ ലോബികളും സമ്മതിക്കുകയില്ല.

ഇപ്പോള്‍ തന്നെ കെ.സി വേണുഗോപാലിന് എതിരെ ഉന്നത നേതാക്കള്‍ക്കിടയില്‍ തന്നെ അസംതൃപ്തി പ്രകടമാണ്. രാഹുലിന്റെ വിശ്വസ്തന്‍ എന്ന ഒറ്റ കാരണത്താല്‍ മാത്രമാണ് പാര്‍ട്ടിയിലെ രണ്ടാമത്തെ പദവിയില്‍ ഇപ്പോഴും കെ.സി തുടരുന്നത്. അവസരം കിട്ടിയാല്‍ കെ.സി വേണുഗോപാലിനെ പുകച്ച് ചാടിക്കാന്‍ പാര്‍ട്ടിയിലെ എതിരാളികള്‍ ഇപ്പോഴും തക്കം പാര്‍ത്തിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യം അറിയുന്ന കെ.സിയും തന്ത്രപരമായ നിലപാടാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. തരൂരിനെ പ്രസിഡന്റാക്കാനുള്ള നിര്‍ദ്ദേശത്തിനെതിരെയാണ് കെ.സിയുടെയും നിലപാട്. മുളയിലേ ഈ ആവശ്യം നുള്ളിക്കളയുകയാണ് അദ്ദേഹവും ചെയ്യുന്നത്. തരൂര്‍ അദ്ധ്യക്ഷനായാല്‍ കോണ്‍ഗ്രസ്സില്‍ നെഹ്‌റു കുടുംബത്തിന്റെ പിടി അയയുമെന്നാണ് കെ.സി വിഭാഗം ചൂണ്ടിക്കാട്ടുന്നത്. യുവാക്കളെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാന ആവശ്യം.

ഉത്തരേന്ത്യന്‍ ലോബിയും ഏറക്കുറേ ഈ നിലപാടുകാരാണ്. എന്നാല്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരൊറ്റ യുവനേതാവിനെ പോലും ഉയര്‍ത്തിക്കാട്ടാന്‍ നിലവില്‍ കോണ്‍ഗ്രസ്സിനില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജോതിരാദിത്യ സിന്ധ്യ ഇപ്പോള്‍ ബി.ജെ.പിയിലാണ്. സച്ചിന്‍ പൈലറ്റാകട്ടെ കലാപക്കൊടി ഉയര്‍ത്തിയാണ് തിരിച്ചു വന്നിരിക്കുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തെയും ഇപ്പോള്‍ പരിഗണിക്കാന്‍ പറ്റുകയില്ല. ഇവരെ പോലെ ചൂണ്ടിക്കാണിക്കാന്‍ പറ്റിയ മറ്റൊരു യുവനേതാവും ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനില്ലതാനും. ഇതു തന്നെയാണ് കോണ്‍ഗ്രസ്സ് നേരിടുന്ന വലിയ പ്രതിസന്ധി.

മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ ആശീര്‍വാദത്തോടെയാണ് തരൂര്‍ അദ്ധ്യക്ഷനാവാന്‍ ശ്രമിക്കുന്നത്. സമീപകാലത്തെ അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങളിലും ഈ ‘മോഹം’ വ്യക്തമാണ്. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്ന മോഹം കൂടിയാണിത്. തിരുവനന്തപുരം വിമാനതാവളത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായ തരൂരിന്റെ നിലപാടിനെതിരെ ശക്തമായാണ് കോണ്‍ഗ്രസ്സില്‍ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ കെ.പി.സി.സി നേതൃത്വം ഹൈക്കമാന്റിനെ അതൃപ്തിയും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം എം.പി കൂടിയായ തരൂരിന്റെ നിലപാട് യു.ഡി.എഫിനെയാകെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുസ്ലിം ലീഗും തങ്ങളുടെ അതൃപ്തി കോണ്‍ഗ്രസ്സ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

തരൂര്‍ അദാനിയുടെയും മോദിയുടെയും അടുപ്പക്കാരനായി ചിത്രീകരിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ താല്‍പര്യപ്പെടുന്നത്. എ.ഐ.സി.സി അദ്ധ്യക്ഷനാവാനുള്ള തരൂരിന്റെ ആഗ്രഹത്തിന് മാത്രമല്ല കേരളത്തിലെ ‘മോഹത്തിനും’ ഈ പ്രചരണങ്ങള്‍ തിരിച്ചടിയാണ്. കേരളത്തില്‍ ഇത്തവണ അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തരൂരും രംഗത്തുണ്ടാവുമെന്ന് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ ശരിക്കും ഭയക്കുന്നുണ്ട്. മുന്‍പ് ഡല്‍ഹിയില്‍ നിന്നും പറന്നിറങ്ങി എ.കെ.ആന്റണി മുഖ്യമന്ത്രിയായ അനുഭവമുള്ളതിനാല്‍ കോണ്‍ഗ്രസ്സില്‍ അത് സാധ്യവുമാണ്. എ – ഐ ഗ്രൂപ്പുകളെ ഭയപ്പെടുത്തുന്നതും ഈ യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ തരൂരിന്റെ ഇമേജ് പരമാവധി തകര്‍ക്കുക എന്നത് തന്നെയാണ് അവരുടെയും ഇപ്പോഴത്തെ ലക്ഷ്യം. പാളയത്തിലെ ഈ പട തകര്‍ച്ചയുടെ പടുകുഴിയിലേക്കാണ് കോണ്‍ഗ്രസ്സിനെ കൊണ്ടു പോകുന്നത്. അധികാര മോഹത്താല്‍ കാഴ്ചയും ചിന്താശക്തിയും നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം.

Top