സ്മാര്‍ട്ടാകാന്‍ കെ.എസ്.ആര്‍.ടി.സിയും

തിരുവനന്തപുരം: യാത്രക്കാര്‍ ചില്ലറയുമായി വരണമെന്ന് ഇനി കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍മാര്‍ പറയില്ല . പകരം പണം കൈമാറാന്‍ കഴിയുന്ന സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് മതി. കെ.എസ്.ആര്‍.ടി.സി. ബസിനുള്ളിലെ ടിക്കറ്റ് വില്‍പ്പനയും ഓണ്‍ലൈന്‍ പണമിടപാടിലേക്ക് മാറുകയാണ്. ഇതിനായി രണ്ടുലക്ഷം സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറായി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സിറ്റിബസുകളിലെ യാത്രക്കാര്‍ക്കാണ് ട്രാവല്‍ കാര്‍ഡുകള്‍ നല്‍കുക.

ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന 400 കാര്‍ഡുകള്‍ക്കുപുറമേ 5000 കാര്‍ഡുകള്‍ ഉടന്‍ വിതരണംചെയ്യും. സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ ബസുകളിലെ യാത്രക്കാര്‍ക്കാകും ഈ സൗകര്യം. തുടര്‍ന്ന്, സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ മറ്റുബസുകളിലേക്കും വ്യാപിപ്പിക്കും. ഏറെവൈകാതെ മറ്റുജില്ലകളിലേക്കും സ്മാര്‍ട്ട് കാര്‍ഡെത്തും. പുതിയതലമുറ ടിക്കറ്റ് മെഷീനുകളില്‍ ഉപയോഗിക്കാന്‍കഴിയുന്ന ആര്‍.എഫ്.ഐ.ഡി. കാര്‍ഡുകളാണിവ.

ടിക്കറ്റ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ കാര്‍ഡ് വിതരണത്തിന് വലിയ താമസമുണ്ടാകില്ല. ടിക്കറ്റ് മെഷീനുകളിലെ സോഫ്റ്റ്വേർ അപ്ഡേറ്റ് ചെയ്താല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാനാകും. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. 2017-ല്‍ ഏര്‍പ്പെടുത്തിയ ട്രാവല്‍ കാര്‍ഡുകള്‍ വിജയകരമായെങ്കിലും ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ സാങ്കേതികപ്രശ്‌നങ്ങള്‍കാരണം പിന്‍വലിച്ചിരുന്നു. അന്നത്തെ പോരായ്മകള്‍ തരണംചെയ്യാന്‍ കഴിയുന്നവയാണ് പുതിയകാര്‍ഡുകള്‍.

Top