സ്വകാര്യവൽക്കരണത്തിൽ എച്ച്എൽഎൽ ലൈഫ്കെയറും

തിരുവനന്തപുരം/ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കോടിക്കണക്കിനു രൂപയുടെ ലാഭം നേടിക്കൊടുക്കുന്ന മിനിരത്ന വിഭാഗത്തിലുള്ള കമ്പനിയായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ സ്വകാര്യവൽക്കരണത്തിനു താൽപര്യപത്രം ക്ഷണിച്ചു. കേരളത്തിലെ നാലെണ്ണം ഉൾപ്പെടെ 7 ഫാക്ടറികളും ഹൈറ്റ്സ് എന്ന പേരിലുള്ള നിർമാണ സ്ഥാപനവും ഗോവ ആന്റിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡും ഇതോടൊപ്പം സ്വകാര്യവൽക്കരിക്കും.

ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്‍മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് ഇതിനായി ആഗോള താൽപര്യപത്രം ക്ഷണിച്ചു. തുടർനടപടികൾക്കായി കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ്‍വാട്ടർഹൗസ് കൂപ്പേഴ്സിനെ ചുമതലപ്പെടുത്തി. ജനുവരി 31നകം താൽപര്യപത്രം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു ഘട്ടമായുള്ള ലേലത്തിലൂടെ എച്ച്എൽഎൽ ലൈഫ് കെയറിന്റെ 100% ഓഹരിയും വിറ്റൊഴിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാർ ഇതിനെതിരെ പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ചെങ്കിലും കേന്ദ്രം പരിഗണിച്ചില്ല.

മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു മുൻകയ്യെടുത്ത് 1966ലാണ് ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന പേരിൽ ഇന്നത്തെ എച്ച്എൽഎൽ സ്ഥാപിച്ചത്. നിലവിൽ കരാറുകാർ ഉൾപ്പെടെ 9000ലേറെ ജീവനക്കാരുണ്ട്.

കേരളത്തിൽ പേരൂർക്കടയിലെ ആസ്ഥാനത്തിനു പുറമേ ആക്കുളം, ഐരാപുരം, കൊച്ചി എന്നിവിടങ്ങളിൽ ഫാക്ടറികളുണ്ട്. കർണാടകയിലെ ബെളഗാവി, മധ്യപ്രദേശിലെ ഇൻഡോർ, ഹരിയാനയിലെ മനേസർ എന്നിവിടങ്ങളിലും എച്ച്എൽഎല്ലിനു ഫാക്ടറികളുണ്ട്. കേരളത്തിൽ ലബോറട്ടറി ശൃംഖലയും എച്ച്എൽഎല്ലിനു കീഴിലുണ്ട്. കോവിഡ് കാലത്ത് പരിശോധനാ കിറ്റ് ഉൾപ്പെടെ ഒട്ടേറെ ഉൽപന്നങ്ങൾ കമ്പനി പുറത്തിറക്കിയിരുന്നു.

Top