ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി : ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലര്‍ച്ച 3.15ടെ നെടുമ്പശേരിയിലാണ് മൃതദേഹം എത്തിച്ചത്. ഇരിങ്ങാലക്കുട ആര്‍ഡിഒ കാര്‍ത്ത്യായനി ദേവി എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഇബ്രാഹിം കുഞ്ഞ്, റോജി എം ജോണ്‍ ബന്ധുമിത്രാദികള്‍ എന്നിവര്‍ ചേര്‍ന്ന് അന്‍സിയുടെ മൃതദേഹം ഏറ്റ് വാങ്ങി. കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളിൽ ആൻസി അലിയുടെ മ‍ൃതദേഹം പൊതു ദർശനത്തിന് വെക്കും. 11 മണിക്ക് ചേരമണ്‍ ജുമാമസജിദില്‍ കബറടക്കും.

കൊടുങ്ങല്ലൂര്‍ ടി.കെ.എസ് പുരം കരിപ്പാക്കുളത്ത് പരേതനായ അലി ബാവയുടെ മകളും തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുള്‍ നാസറിന്റെ ഭാര്യയുമാണ് അന്‍സി. ആക്രമണ സമയത്ത് അന്‍സിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന നാസര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ന്യൂസിലന്റില്‍ ലിന്‍കോണ്‍ യൂണിവേഴ്‌സിറ്റിയില്‍ അഗ്രി ബിസിനസ്സ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായിരുന്നു അന്‍സി. ഭര്‍ത്താവ് നാസര്‍ അവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. ഒരു വര്‍ഷം മുന്‍പാണ് നാസറും അന്‍സിയും ന്യൂസിലന്റിലേക്ക് പോയത്.

Top