റയല്‍ ടീമിന്റെ കോച്ചായി ആന്‍സെലോട്ടിയെ നിയമിച്ചു

മാഡ്രിഡ്: റയല്‍ മാഡ്രിഡ് ടീമംഗങ്ങളെ പുതിയ സീസണില്‍ എവര്‍ട്ടണ്‍ കോച്ച് കാര്‍ലോ ആന്‍സെലോട്ടി പരിശീലിപ്പിക്കും. സീസണിലെ ടീമംഗങ്ങളുടെ മോശം പ്രകടനത്തെ തുടര്‍ന്ന് മുന്‍ കോച്ച് സിദാന്‍ അടുത്തിടെ രാജിവച്ചിരുന്നു. റയലിനായി ഏറെ നേട്ടം കൊയ്ത സിദാന് ഈ സീസണില്‍ ടീമിനായി ഒരു കിരീടം പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.

ലാ ലീഗയിലെ കിരീടപോരാട്ടം അവസാനിച്ചതിന് പിന്നാലെയാണ് ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊന്നായ സിദാന്‍ റയല്‍ പരിശീലക സ്ഥാനം രാജിവച്ചത്. കഴിഞ്ഞ 11 സീസണിനിടെ ആദ്യമായി ഒരു കിരീടം പോലുമില്ലാതെയാണ് റയല്‍ സീസണ്‍ അവസാനിപ്പിച്ചിരുന്നത്. തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ക്ലബ് വിടാന്‍ തീരുമാനിച്ചത് എന്ന് ആരാധകര്‍ക്കെഴുതിയ കത്തില്‍ സിദാന്‍ വ്യക്തമാക്കിയിരുന്നു.

സിദാന്‍ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ഇംഗ്ലീഷ് ക്ലബ്ബ് എവര്‍ട്ടണ്‍ന്റെ കോച്ച് കാര്‍ലോ ആന്‍സെലോട്ടി വരുന്നത്. ബയേണ്‍ മ്യുണിക്ക്, യുവന്റസ്, ചെല്‍സി, നപ്പോളി, മിലാന്‍, പാര്‍മ തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2013 മുതല്‍ 15 വരെ റയലിനെ പരിശീലിപ്പിച്ചിരുന്നു.

Top