അനന്യയുടെ ആത്മഹത്യ; ചികിത്സാ പിഴവ് ഇല്ലെന്ന് റെനെ മെഡിസിറ്റി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ അലക്‌സിന് ചികിത്സ നല്‍കിയതില്‍ പിഴവ് പറ്റിയിട്ടില്ലെന്ന് റെനെ മെഡിസിറ്റി ആശുപത്രി അധികൃതര്‍. അനന്യയുടെ ആത്മഹത്യക്കു ആറുമണിക്കൂര്‍ മുമ്പ് സാമൂഹിക മാധ്യമങ്ങളിലിട്ട വീഡിയോയിലടക്കം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റെനെ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അനന്യ ഉന്നയിച്ചിട്ടുള്ളത്.

എന്നാല്‍ ആശുപത്രിക്കെതിരെ തെറ്റായ പ്രചരണം നടക്കുകയാണ്. ചികിത്സാപിഴവ് ഇല്ല എന്നായിരുന്നു റെനെ മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍ എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടാകുന്ന മാനസിക ശാരീരിക വെല്ലുവിളികളുടെ സാധ്യത അനന്യയെ നേരത്തെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു വര്‍ഷത്തിനിടെ, ശസ്ത്രക്രിയയിലെ പാളിച്ച കാണിച്ച് അനന്യ ഔദ്യോഗികമായൊരു പരാതിയും നല്‍കിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.

മരണത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് അനന്യ വെളിപ്പെടുത്തിയത്‌. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെയാണ് അനന്യയുടെ മൃതദേഹം കണ്ടെത്തിയത്. റെനെ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അനന്യയുടെ അച്ഛനും രംഗത്തെത്തിയിരുന്നു.

Top