അനന്ത്നാഗ് ഏറ്റുമുട്ടൽ; ലഷ്കർ അംഗമായ ഭീകരൻ ഉസൈർ ഖാൻ കൊല്ലപ്പെട്ടെന്ന് സൂചന

ശ്രീനഗർ : സൈനികരെ കൊലപ്പെടുത്തിയശേഷം ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഒളിച്ച ലഷ്കറെ തയിബ ഭീകരൻ ഉസൈർ ഖാൻ കൊല്ലപ്പെട്ടെന്നു സൂചന. ബോംബിങ്ങിൽ തകർത്ത ഗുഹയുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ ഡ്രോണുകൾ പകർത്തിയപ്പോൾ ചിതറിയനിലയിൽ മൃതദേഹം കണ്ടിരുന്നു. സൈന്യം വീണ്ടെടുത്ത മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ആയതിനാൽ ഉസൈർ ഖാന്റെ കോകരെനാഗിൽ താമസിക്കുന്ന ബന്ധുക്കളിൽനിന്നു ഡിഎൻഎ സാംപിൾ ശേഖരിച്ചു പരിശോധന നടത്താനാണു ശ്രമം. ‌

മറ്റു 2 ഭീകരർ കൂടി ഗരോളിലെ കാടുകളിൽ ഒളിച്ചതായാണു വിവരം. അനന്ത്നാഗ് സൈനികനീക്കം 6 ദിവസം പിന്നിട്ടു. ഹെലികോപ്റ്ററും ഡ്രോണും ഉപയോഗിച്ചു തിരച്ചിലും ആക്രമണവും സേന നടത്തുന്നുണ്ട്. ബുധനാഴ്ചയാണു കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധാൻചോക്ക്, ജമ്മുകശ്മീർ ഡിഎസ്പി ഹുമയൂൺ ബട്ട്, എന്നിവരടക്കം നാലുപേരെ ഭീകരർ വധിച്ചത്. ഹുമയൂൺ ബട്ടിന്റെ വീട് ഗവർണർ മനോജ് സിൻഹ സന്ദർശിച്ചു.

Top