അനന്തനാഗിൽ ഏറ്റുമുട്ടൽ 122 മണിക്കൂർ പിന്നിട്ടു; ഒരു പതിറ്റാണ്ടിനിടെ കശ്മീരിൽ ഏറ്റവും നീണ്ട സൈനിക നീക്കം

ശ്രീനഗർ : അനന്തനാഗിൽ ഇപ്പോൾ പുരോഗമിക്കുന്നത് കശ്മീരിൽ ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും നീണ്ട സൈനിക നീക്കം. നുഴഞ്ഞു കയറിയ ഭീകരരുമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണു സൈന്യം ഏറ്റുമുട്ടൽ ആരംഭിച്ചത്. ബുധനാഴ്ച നടന്ന ശക്തമായ പോരാട്ടത്തിൽ 4 സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസിലെ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോൻചക്, ജമ്മു കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂൺ ഭട്ട്, റൈഫിൾമാൻ രവികുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ട് സൈനികർക്കു ഏറ്റുമുട്ടലിൽ പരുക്കേൽക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഉസൈർ ഖാൻ അടക്കമുള്ള ലഷ്കർ ഭീകരരെ പിടികൂടാനുള്ള ശ്രമം സൈന്യം ഊർജിതമാക്കി. സർക്കാർ ശരിയായ രീതിയിൽ ഇടപെടൽ നടത്തുന്നില്ലെന്നും സൈന്യം നടപടി സ്വീകരിക്കുന്നത് തെറ്റായ ദിശയിലാണെന്നുമുള്ള ആരോപണങ്ങൾ ഇതിനിടെ ഉയർന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും കൃത്യമായ ഇന്റലിജൻസിന്റെ അടിസ്ഥാനത്തിലാണു സൈന്യം നടപടികൾ ആരംഭിച്ചതെന്നും കശ്മീർ അസി. ഡിജിപി വിജയ് കുമാർ വിശദീകരിച്ചു. പ്രദേശവാസികളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

മികച്ച പരിശീലനം നേടിയ ഭീകരർ, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശം, ഇടതൂർന്ന ആൽപൈൻ വനം, മഴയും കൊടും തണുപ്പും ഉൾപ്പെടെ പ്രതികൂല കാലാവസ്ഥ… കശ്മിരിലെ അനന്തനാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ അഞ്ചാം ദിനം പൂർത്തിയാകുമ്പോൾ ഇന്ത്യന്‍ സേന നേരിടുന്ന വെല്ലുവിളികളാണ് ഇവയെല്ലാം. കൊകോരെനാഗിലെ വനത്തിനുള്ളിലുള്ള ഗുഹയ്ക്കുള്ളിലാണ് ഭീകരർ തമ്പടിച്ചിരിക്കുന്നത്. ഗാരോൾ വനത്തിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുന്നു. ഇസ്രയേൽ നിർമിത ഹെറോൺ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഓപ്പറേഷനു സുരക്ഷാസേന ഉപയോഗിക്കുന്നുണ്ട്. ഡ്രോണിന്റെ സഹായത്തോടെ ഭീകരർ ഒളിച്ചിരിക്കുന്ന ഗുഹ കണ്ടെത്തിയെന്നും സൈനിക നീക്കത്തിൽ ഭീകരർ കൊല്ലപ്പെട്ടുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

കുന്നിൻചരിവിലെ ഉയർന്ന പ്രദേശത്തായതിനാൽ ഭീകരർ സുരക്ഷിതമായി സൈനിക നീക്കം നിരീക്ഷിക്കുന്നുണ്ടെന്നാണ് നിഗമനം. മലമുകളിലേക്കുള്ള വീതികുറഞ്ഞ വഴിയിലേക്ക് ആരു പ്രവേശിച്ചാലും കൃത്യമായി കാണാനാവും. ആക്രമണത്തിനായി ഡ്രോണുകൾ, റോക്കറ്റ് ലോഞ്ചറുകൾ, ഷെല്ലുകൾ എന്നിവയെല്ലാം ഉപയോഗിച്ചു. എന്നാൽ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു മാത്രം. ഗാരോളിലെ ദുർഘടമായ ഭൂപ്രദേശവും സസ്യജാലങ്ങളും ഭീകരർക്ക് അനുകൂല സാഹചര്യമായി മാറിയെന്നാണു വിലയിരുത്തൽ. ഭീകരർ രാത്രിയിൽ രക്ഷപ്പെടുന്നതു തടയാൻ ഹൈബീം ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാസേനയുടെ ശക്തമായ വലയം തീർത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കശ്മീരിലെ സുരക്ഷാ വെല്ലുവിളി ഇന്ത്യൻ സൈനികർക്ക് പുതുമയുള്ള കാര്യമല്ല. ഇന്ത്യാ വിഭജനവും, തുടർന്നുള്ള സ്വാതന്ത്ര്യ പ്രാപ്തി മുതൽക്കുള്ള ചരിത്രമുണ്ടതിന്. ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാതെ സ്വതന്ത്രമായി നിന്നിരുന്ന കശ്മീരിലേക്ക് പാക്ക് പട്ടാളം കടന്നു കയറിയതോടെയാണ് ഇന്ത്യയുടെ ഭാഗമാകാൻ അന്നത്തെ കശ്മീർ രാജാവ് ഹരിസിങ് തീരുമാനിച്ചത്. അന്നു മുതൽ ഇങ്ങോട്ട്, പാക്ക് സൈന്യത്തിന്റെ മൗനാനുവാദത്തോടെ വിഘടനവാദികളും നുഴഞ്ഞുകയറ്റക്കാരും കശ്മീർ താഴ്‌വരയെ അശാന്തമാക്കാനുള്ള നിരന്തര ശ്രമം നടത്തിവരികയാണ്. 1947, 1965, 1971, 1999 വർഷങ്ങളിൽ ഇന്ത്യ–പാക്ക് യുദ്ധങ്ങളുണ്ടായി. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ പിന്നീടുമുണ്ടായി. അതിൽ ഒടുവിലത്തേതാണ് നിലവിൽ അനന്തനാഗിൽ നടക്കുന്നത്.

അനന്തനാഗിൽ ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം ബാരാമുള്ളയിലെ ഉറിയിൽ നിയന്ത്രണരേഖയ്ക്കു സമീപം ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. സുരക്ഷാസേനയ്ക്കു നേരെ പാക്ക് സൈനിക പോസ്റ്റിൽനിന്നു വെടിവയ്പ്പുണ്ടായി. രജൗറിക്കും അനന്തനാഗിനും പിന്നാലെയാണ് ഉറിയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം ഉറിയിലെ ഹത്‌ലംഗ പ്രദേശത്തു സേനയും രഹസ്യാന്വേഷണ വിഭാഗവും ജമ്മു–കശ്മീർ പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയിലാണു 3 ഭീകരർ കൊല്ലപ്പെട്ടത്.

ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ആർമിയുടെ ചിന്നാർ കോർ ‘എക്സി’ൽ (ട്വിറ്റർ) കുറിച്ചു. 2 ഭീകരരുടെ മൃതദേഹം കണ്ടെടുത്തു. മൂന്നാമത്തെ മൃതദേഹം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണു പാക്ക് പോസ്റ്റിൽനിന്നു വെടിയുതിർത്തത്. ദൗത്യം പൂർത്തിയായെന്നും നുഴഞ്ഞുകയറാൻ ശ്രമിച്ചവർ ആരെന്നു വ്യക്തമായിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു.

കശ്മീരിൽ പൊതുതിരഞ്ഞെടുപ്പു വീണ്ടും നടത്താൻ സന്നദ്ധമാണെന്നു കേന്ദ്രസർക്കാർ അടുത്തിടെ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾക്കിടെയാണു അതിർത്തിപ്രദേശത്തു ഭീകരാക്രമണങ്ങളുണ്ടാകുന്നത്. ഏറ്റുമുട്ടലുകളിൽ രാജ്യത്തിനു വേണ്ടി നിരവധി സൈനികർ വീരമൃത്യു വരിച്ച മണ്ണായി മാറിയ കശ്മീരിൽ, സമാധാനം സ്ഥാപിച്ചാൽ മാത്രമേ ജനജീവിതം സാധാരണ നിലയിലേക്കെത്തുകയുള്ളൂ.

Top