അനന്തു ഗിരീഷിന്റെ കൊലപാതകം ; ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം : കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ (21) തട്ടികൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പ്രാവച്ചമ്പലം സ്വദേശി ബിപിന്‍ രാജിനെയാണ് കരമനയിലെ ബന്ധുവീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ പുലര്‍ച്ചെ അന്വേഷണ സംഘം പിടികൂടിയത്.

അക്രമി സംഘത്തിന് വഴികാട്ടിയായിരുന്നത് ബിപിനാണ്. ഇയാള്‍ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിലെ 13 പ്രതികളില്‍ 12 പേരും അറസ്റ്റിലായി. അവസാന പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. അനന്തുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കരമന സ്വദേശി സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്.

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ പ്രതികളും അനന്ദുവും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായത്. അനന്ദുവിനെ കരമന ദേശീയപാതയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുവന്ന് മൃഗീയമായി മര്‍ദ്ദിച്ചായിരുന്നു കൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ വിഷ്ണു അനന്ദുവിന്റെ കൈയ്യിലെയും കാലുകളിലെയും മാസവും ഞരമ്പും മുറിച്ചെടുക്കുകയും ചെയ്തിരുന്നു.പ്രതികള്‍ എല്ലാവരും തന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നും പൊലീസ് പറയുന്നു.

Top