‘യോഗി’ മുന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥന്‍ ആനന്ദ് സുബ്രഹ്മണ്യം, ജാമ്യം നിഷേധിച്ച് കോടതി

ന്യൂഡല്‍ഹി: നാഷണന്‍ സ്റ്റോക് എക്സ്ചേഞ്ച് മുന്‍ സിഇഒ ചിത്ര രാമകൃഷ്ണ ഉപദേശം തേടിയ ഹിമാലയന്‍ യോഗി, മുന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥന്‍ ആനന്ദ് സുബ്രഹ്മണ്യം. ആനന്ദിന്റെ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി. ഈ ഹിമാലയന്‍ യോഗി ‘ഹിമാലയന്‍ യതിയെപ്പോലെ തന്നെ പിടികിട്ടാപ്പുള്ളിയാണെന്നും’ ഇയാള്‍ അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, ‘ഹിമാലയന്‍ യോഗി’ ആനന്ദ് സുബ്രഹ്മണ്യന്‍ ആണെന്നും എന്‍എസ്ഇയുടെ ഘടനയെയും പ്രവര്‍ത്തനത്തെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചിത്ര രാമകൃഷ്ണ ഇയാളുമായി പങ്കുവെച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ‘rigyajursama@outlook.com’ എന്ന മെയില്‍ ഐഡിയില്‍ അദ്ദേഹവുമായി കത്തിടപാടുകള്‍ നടത്തിയ ചിത്ര രാമകൃഷ്ണ ‘കോ-ലൊക്കേഷന്‍ അഴിമതി’ എന്ന ഈ വഞ്ചനാപരമായ ഗൂഢാലോചനയില്‍’ ഒരുമിച്ച് പ്രവര്‍ത്തിച്ചതായി തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ‘അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്, ഹിമാലയന്‍ യതിയെപ്പോലെ പിടികിട്ടാപ്പുള്ളിയായ ഈ ഹിമാലയന്‍ യോഗിയുടെ യഥാര്‍ത്ഥ മുഖം മറ നീക്കി പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സി,’ കോടതി പറഞ്ഞു.

Top