ഓസ്‌ട്രേലിയൻ പരമ്പര; മികച്ച പ്രകടനത്തിന് ആറ് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് മഹീന്ദ്രയുടെ സമ്മാനം

ഓസ്‌ട്രേലിയൻ പരമ്പര വിജയിക്കാൻ നിര്‍ണായക പങ്കുവഹിച്ച ആറ് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര എസ്.യുവി വാഹനങ്ങള്‍ സമ്മാനമായി നല്‍കുമെന്ന് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ആനന്ദ് ഇക്കാര്യം അറിയിച്ചത്. മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സൈനി, ടി.നടരാജന്‍, ശുഭ്മാന്‍ ഗില്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കാണ് വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്നത്. മഹീന്ദ്ര താര്‍ ആയിരിക്കും താരങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുക.

‘ഓസ്‌ട്രേലിയയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച ആറ് ഇന്ത്യന്‍ താരങ്ങള്‍ ചരിത്രനേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സാധ്യമല്ല എന്ന് വിശ്വസിക്കുന്ന പലതും പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യന്‍ യുവജനതയ്ക്ക് ഇവര്‍ വഴികാട്ടിയായി.’-ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. സിറാജ് നയിച്ച ബൗളിങ് നിരയും ബാറ്റിങ്ങില്‍ ശുഭ്മാന്‍ ഗില്ലും ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീട് ഓസിസിനെതിരേ രഹാനെയുടെ ക്യാപ്റ്റൻസിയിൽ പരമ്പര സ്വന്തമാക്കുകയായിരുന്നു.

Top