‘ഏറ്റവും വലിയ ഡാഷ്‌ബോര്‍ഡ് സ്‌ക്രീൻ’; വ്യത്യസ്ത ടിവി സ്റ്റാന്റിന് നന്ദി പറഞ്ഞ് ആനന്ദ് മഹീന്ദ്ര

ഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ ആദ്യ കാഴ്ച്ചകാരില്‍ തന്നെ മഹീന്ദ്രയുടെ മുതലാളിയായ ആനന്ദ് മഹീന്ദ്ര ഉണ്ടാകും. വെറുതെ കാണുക മാത്രമല്ല, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാല്‍ അത് പങ്കുവയ്ക്കുകയും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ അഭിനന്ദിക്കുകയും പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്യുന്നത് മുന്‍പ് പല സന്ദർഭങ്ങളിലായി കണ്ടിട്ടുള്ളതാണ്.

ഇത്തരത്തില്‍ കാഴ്ചയില്‍ അല്‍പ്പം കൗതുകമുണര്‍ത്തുന്ന പുതിയ ഒരു ചിത്രമാണ് അദ്ദേഹം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചത്. ഒരു വീട്ടില്‍ ടി.വി. സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്റിന്റെ ചിത്രമാണ്. എന്നാല്‍, ഈ സ്റ്റാന്റ് ഒരുങ്ങിയിരിക്കുന്നത് മഹീന്ദ്രയുടെ പഴയ ജീപ്പിന്റെ മുന്‍ഭാഗം പോലെയാണ്. വാഹനത്തിന്റെ ബോണറ്റ്, ഹെഡ്‌ലാമ്പ്, ഇന്റിക്കേറ്റര്‍, ടയര്‍, ബമ്പര്‍ എന്തിനേറെ പറയുന്ന ബോണറ്റിന്റെ ലോക്ക് വരെ ഒരുക്കിയാണ് സ്റ്റാന്റ് ഒരുങ്ങിയിരിക്കുന്നത്.

ഇതിലെ ബോണറ്റിന്റെ മുകളിലാണ് ടി.വി. സ്ഥാനം പിടിച്ചിരിക്കുന്നത്. രസകരമായ കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഡാഷ്‌ബോര്‍ഡ് സ്‌ക്രീനാണിത്, ഇത് ഏറെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. നന്ദി, എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 7.5 ലക്ഷത്തോളം ആളുകളാണ് ഈ ചിത്രം കണ്ടിരിക്കുന്നത്. 20,000-ത്തോളം പേര്‍ ഈ ചിത്രം ലൈക്കും ചെയ്തിട്ടുണ്ട്.

Top