ആ ഹീറോസിന് കൈയടിക്കാന്‍ ബാല്‍ക്കണിയില്‍ ഞാനുണ്ടാകും; ആനന്ദ് മഹീന്ദ്ര

കൊറോണാവൈറസ് പകര്‍ച്ചവ്യാധിയുടെ വെളിച്ചത്തില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പൗരന്‍മാരോട് സാമൂഹിക അകലം പാലിക്കാന്‍ പ്രധാനമന്ത്രി ഉപദേശിച്ചു. കൂടാതെ മാര്‍ച്ച് 22ന് രാവിലെ 7 മുതല്‍ രാത്രി 9 വരെ ജനതാ കര്‍ഫ്യൂ ആചരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

അവശ്യ സേവനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്ദി പറയാനും പ്രധാനമന്ത്രി മോദി പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 22ന് വൈകുന്നേരം 5 മണിക്ക് വീടുകള്‍ക്ക് മുകളില്‍ നിന്ന് കൈയടിച്ചും, വീടുകളിലെ മണികള്‍ മുഴക്കിയും ഈ നന്ദി അറിയിക്കാനാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി സെലിബ്രിറ്റികള്‍ പിന്തുണയുമായി രംഗത്തെത്തി.

പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും പിന്തുണ അറിയിച്ച് ട്വിറ്ററില്‍ രംഗത്തെത്തി. ‘എന്റെ കുടുംബത്തോടൊപ്പം ഞാന്‍ ബാല്‍ക്കണിയില്‍ ഉണ്ടാകും, പാടിപ്പുകഴ്ത്താത്ത ആ ഹീറോസിന് വേണ്ടി ആ അഞ്ച് മിനിറ്റും ഞങ്ങള്‍ കൈയടിക്കും. ഒരു രാജ്യം, ഒരു ശബ്ദം’, ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. മഹീന്ദ്രയുടെ നിലപാടിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.

കൊറോണാവൈറസ് പടരുന്നത് തടയാന്‍ രണ്ട് മാസക്കാലമായി ആശുപത്രികളിലും, മറ്റ് അവശ്യ സേവന രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്ദി പറയണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. കൂടാതെ ഞായറാഴ്ച 14 മണിക്കൂര്‍ പൊതുസ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കി വീടുകളില്‍ തുടരാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.

വൈറസ് വ്യാപനത്തിന്റെ സുപ്രധാന ഘട്ടത്തിലാണ് ഇന്ത്യ എത്തിനില്‍ക്കുന്നത്. ഈ ഘട്ടത്തില്‍ സമൂഹ വ്യാപനം കുറയ്ക്കാനുള്ള നടപടികളാണ് അനിവാര്യം. ഇതിന്റെ ആദ്യ പടിയാണ് ജനതാ കര്‍ഫ്യൂവെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Top