ഏഷ്യന്‍ പാരാ ഗെയിംസില്‍ സ്വര്‍ണം നേടിയ ശീതള്‍ ദേവിയെ അനുമോദിച്ച് ആനന്ദ് മഹീന്ദ്ര; കാര്‍ വാഗ്ദാനം

ഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അസാധാരണ പ്രതിഭകളെ എപ്പോഴും അഭിനന്ദിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം അടുത്തിടെ ഒരു പെണ്‍കുട്ടിക്ക് കാര്‍ വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ പാരാ അത്ലറ്റ് ശീതള്‍ ദേവിയാണ് ആനന്ദ് മഹീന്ദ്രയുടെ പ്രീതി പിടിച്ചുപറ്റിയ ഏറ്റവും പുതിയ താരം. ശീതളിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മഹീന്ദ്ര അവര്‍ക്ക് പുതിയ കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ശീതളിന് ഏത് മഹീന്ദ്ര കാറും തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന നാലാമത് ഏഷ്യന്‍ പാരാ ഗെയിംസില്‍ അമ്പെയ്ത്തില്‍ ശീതള്‍ സ്വര്‍ണം നേടിയിരുന്നു. ശീതളിന് കൈകളില്ല, അവള്‍ കാലുകൊണ്ടാണ് അമ്പെയ്യുന്നത്. ഒക്ടോബര്‍ 27ന് ഏഷ്യന്‍ പാരാ ഗെയിംസിന്റെ സിംഗിള്‍ എഡിഷനില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ശീതള്‍ ദേവി. ശീതളിന്റെ മനോഹരമായ ഒരു വീഡിയോയും ഒപ്പം ഹൃദയവും കണ്ണും നനയിക്കുന്ന ഒരു കുറിപ്പും ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ആണ് ശീതള്‍ ദേവിയുടെ ഒരു വീഡിയോ അദ്ദേഹം പങ്കിട്ടത്.

അതില്‍ അവള്‍ കാലുകള്‍ കൊണ്ട് ലക്ഷ്യം വെച്ച് പരിശീലിക്കുന്നത് കാണാം. അവരുടെ കഠിനാധ്വാനം വ്യക്തമായി കാണാന്‍ കഴിയും. എത്ര കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ടാണ് ശീതള്‍ ദേവി ഒറ്റ സെഷനില്‍ രണ്ട് സ്വര്‍ണം നേടിയതെന്ന് വീഡിയോ കണ്ടാല്‍ മനസ്സിലാകും. ശീതളിന്റെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ഈ വീഡിയോയില്‍ കാണാം. ശീതളിന്റെ ബുദ്ധിമുട്ടുകള്‍ കണ്ട ആനന്ദ് മഹീന്ദ്ര ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളില്‍ പരാതിപ്പെടില്ലെന്ന് പ്രതിജ്ഞയെടുത്തു. ശീതളിനെ ഗുരു എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

‘എന്റെ ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളെക്കുറിച്ച് ഇനി ഞാന്‍ ഒരിക്കലും പരാതിപ്പെടില്ല. ശീതള്‍ദേവീ നിങ്ങള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു അദ്ധ്യാപികയാണ്. ഞങ്ങളുടെ ശ്രേണിയില്‍ നിന്ന് ഏതെങ്കിലും കാര്‍ തിരഞ്ഞെടുക്കുക, ഞങ്ങള്‍ അത് നിങ്ങള്‍ക്ക് നല്‍കും, നിങ്ങളുടെ ഉപയോഗത്തിന് ഇഷ്ടാനുസൃതമാക്കി നല്‍കും’ അദ്ദേഹം കുറിച്ചു.

ശീതള്‍ ദേവിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കാര്‍ പരിഷ്‌ക്കരിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ അറിയിച്ചു. ആനന്ദ് മഹീന്ദ്രയുടെ ഈ തീരുമാനത്തെ ഇന്റര്‍നെറ്റിലെ നിരവധി ഉപയോക്താക്കള്‍ പ്രശംസിച്ചു. ശീതള്‍ ജന്മനാ ഫോകോമെലിയ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗ ബാധിതയാണ്. ഇത് ശരീരഭാഗളുടെ വളര്‍ച്ച ഇല്ലായ്മയ്ക്ക് കാരണമാകുന്നു.

Top