കര്‍ഷകനെ അപമാനിച്ച സംഭവം; വ്യക്തികളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കണമെന്ന് ആനന്ദ് മഹീന്ദ്ര

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തുംകൂറില്‍ മഹീന്ദ്ര ഷോറൂമില്‍ വാഹനം വാങ്ങാന്‍ എത്തിയ ഒരു കര്‍ഷക യുവാവിനുണ്ടായ ദുരനുഭവത്തില്‍ പ്രതികരണവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര. വ്യക്തികളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കണമെന്ന് വ്യക്തമാക്കി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ട്വിറ്ററില്‍ ഇത് സംബന്ധിയായ സന്ദേശം ആനന്ദ് മഹീന്ദ്ര പങ്കിട്ടതായി എച്ച്ടി ടൈംസ് ഓട്ടോ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെ അഭിസംബോധന ചെയ്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിജയ് നക്രയുടെ അഭിപ്രായത്തിന് നില്‍കിയ മറുപടിയിലൂടെയാണ് ട്വിറ്ററില്‍ വളരെ സജീവമായ ആനന്ദ് മഹീന്ദ്ര ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിന്റെയും പങ്കാളികളുടേയും ഉന്നമനമാണ് മഹീന്ദ്രയുടെ പ്രധാന ലക്ഷ്യമെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. വ്യക്തികളുടെ അന്തസ് കാത്തുസൂക്ഷിക്കുന്നത് അതിപ്രധാനമാണ്. ഇതില്‍ വീഴ്ച സംഭവിച്ചാല്‍ എത്രയും പെട്ടന്ന് പരിശോധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും ഉറപ്പു നല്‍കിക്കൊണ്ടായിരുന്നു മഹീന്ദ്ര സിഇഒ വിജയ് നക്രയുടെ ട്വീറ്റ്. കര്‍ണാടകയില്‍ തുംകൂരില്‍ പിക്കപ്പ് ട്രക്ക് വാങ്ങാന്‍ മഹീന്ദ്ര ഷോറൂമിലെത്തിയ കര്‍ഷകനെ ജീവനക്കാരന്‍ പരിഹസിച്ചതും അര മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപയുമായി കര്‍ഷകന്‍ മടങ്ങിയെത്തിയതുമായ സംഭവം മഹീന്ദ്രയ്‌ക്കെതിരെ ഏറെ വിമര്‍ശനങ്ങള്‍ക്കും വ്യാപക ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.

 

Top