പ്രീ ബുക്കിങ്ങിലൂടെ ലിയോ നേടിയത് 5.4 കോടി; ഓഗസ്റ്റ് 19 ന് ചിത്രം റിലീസ് ചെയ്യും

തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍േക്കേ കേരളത്തിലെ ബോക്‌സോഫീസില്‍ ചലനമുണ്ടാക്കി വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോ. പ്രീ ബുക്കിങ്ങിലൂടെ 5.4 കോടിരൂപയാണ് ബുക്കിങ്ങിന്റെ ആദ്യ ദിനമായ ഞായറാഴ്ച്ച കേരളത്തില്‍ നിന്ന് നേടിയത്. ഞായറാഴ്ച രാവിലെയാണ് ലിയോയുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. ഞായറാഴ്ച മാത്രം ഓണ്‍ലൈനിലൂടെ വിറ്റത് ഏകദേശം മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ്.

എണ്‍പതിനായിരം ടിക്കറ്റുകളാണ് ആദ്യ ഒരു മണിക്കൂറില്‍ വിറ്റുപോയത്. 2263 ഷോകളില്‍ നിന്നായി കേരളത്തിലെ പ്രീ സെയ്ല്‍സ് കളക്ഷനില്‍ ലിയോ ഇതുവരെ 5.4 കോടിയാണ് നേടിയത്. ഓഗസ്റ്റ് 19നാണ് ചിത്രം റിലീസാകുന്നത്. ഇതിനോടകം തമിഴ്‌നാട്ടിലെ പുലര്‍ച്ചെയുള്ള ഷോ സമയം മാറ്റി 9 മണിയാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ പുലര്‍ച്ചെ ഷോ ഉണ്ടാകുന്നതായിരിക്കും. തമിഴ്‌നാട്ടില്‍ ഈ സമയത്ത് പ്രദര്‍ശനമില്ലാത്തതിനാല്‍ അവിടെനിന്നുള്ള ആരാധകരും കേരളത്തിലെ പ്രദര്‍ശനത്തിനുണ്ടാവും.

ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ദളപതി വിജയോടൊപ്പം വമ്പന്‍ താരനിരയാണ് ലിയോയില്‍ ഉള്ളത് .

പ്രീ ബുക്കിങ് സെയില്‍ വഴി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയേയാണ് ലിയോ പിന്തള്ളിയത്. 3.43 കോടി ആയിരുന്നു കൊത്തിയുടെ പ്രീ- സെയില്‍ ബിസിനസ്. കെജിഎഫ് 2 (4.3 കോടി), ബീസ്റ്റ് (3.41കോടി), വിക്രം (2.63 കോടി) എന്നീ ചിത്രങ്ങളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Top