ബിജു മേനോന്റെ ‘ആനക്കള്ളന്‍’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

anakkallan

ബിജു മേനോന്‍ കേന്ദ്രകഥാപാത്രമാകുന്ന ആനക്കള്ളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ വൈശാഖ് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘വളരെ അഭിമാനത്തോടെയാണ് ആനക്കള്ളന്റെ പോസ്റ്റര്‍ നിങ്ങള്‍ക്കായി പുറത്തുവിടുന്നത്. ഇത് പരിധികളില്ലാത്ത ഹാസ്യം കൊണ്ട് തിയറ്ററുകള്‍ ഭരിക്കുമെന്ന് തീര്‍ച്ചയാണ്. എന്റെ പ്രിയപ്പെട്ട സഹോദരന്‍ സുരേഷ് പായിപ്പാടിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കും ഈ ഫാമിലി ഡ്രാമ. ഉദയകൃഷ്ണയ്ക്കും ബിജുമേനോനും സപ്തതരംഗ് സിനിമയ്ക്കും എന്റെ എല്ലാവിധ ആശംസകളും’ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.

പൊലീസ് തൊപ്പിയുമണിഞ്ഞ് കൈയ്യില്‍ ലാത്തിയുമായി നില്‍ക്കുന്ന ബിജു മേനോന്റെ ലുക്കാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. സുരേഷ് ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ് കോമഡി മേക്കര്‍ ഉദയ കൃഷ്ണനാണ് ആനക്കള്ളന്റെ തിരക്കഥ. ‘ചിത്രം തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, കോയമ്പത്തൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലാവും ചിത്രീകരിക്കുക. സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാവും ഇത്’ സംവിധായകന്‍ പറഞ്ഞു.

അനുശ്രീ, കനിഹ, ഷംന കാസിം എന്നിവര്‍ നായികമാരാവും. ഇവര്‍ക്കു പുറമെ സിദ്ദിഖ്, സുരേഷ് കൃഷ്ണന്‍, സായി കുമാര്‍, ജനാര്‍ദ്ധനന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും.

Top