ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമെന്ന് എഎൻ ഷംസീർ

കൊച്ചി : ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണു കേരളത്തിലെന്നു സ്പീക്കർ എ.എൻ.ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പറഞ്ഞതിനു വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവർത്തകനാണു താനെന്നും എ.എൻ.ഷംസീർ വിശദീകരിച്ചു. രൂക്ഷമായ ആക്രമണമാണ് നേരിട്ടതെന്നും ഷംസീർ കൂട്ടിച്ചേർത്തു. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യുണമെന്ന് ഒരു പൊതുപ്രവർത്തകന് പറയാൻ സാധിക്കില്ലെന്ന അവസ്ഥയുണ്ടായാൽ എങ്ങോട്ടാണ് കേരളത്തിന്റെ പോക്കെന്നും എ.എൻ. ഷംസീർ ചോദിച്ചു.

സഹോദരൻ അയ്യപ്പൻ പുരസ്കാരം നൽകി പ്രസംഗിക്കവേയാണു ഷംസീറിന്റെ പരാമർശം. ഗണപതി മിത്താണെന്ന സ്പീക്കറുടെ പരാമർശം വലിയ വിവാദമാകുകയും യോജിച്ചും വിയോജിച്ചും പ്രതികരണങ്ങൾ ഉയരുകയും ചെയ്തിരുന്നു.

ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞു. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്. എന്നാൽ, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറ‌ഞ്ഞിരുന്നു.

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍ എസ്എസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമ്പോഴും നിലപാടിലുറച്ച് നിൽക്കുകയാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല. ഭരണ ഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്. അത് ഓരോ വിദ്യാർഥികളും ഉറപ്പ് വരുത്തണം. കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരം. അത് ഉയർത്തിപിടിക്കണം. ജനാധിപത്യപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളും വിയോജിപ്പുമാണ്. എന്‍സിഇആര്‍ടി പുസ്തകത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു. ശക്തനായ മതനിരപേക്ഷനാവുക എന്നത് ആധുനികകാലത്ത് ആവശ്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.

 

Top