AN Shamseer-jishnu pranoy issue

കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് നേരെയുള്ള അതിക്രമത്തെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ഉദ്ദേശമാണ് ചിലര്‍ക്കെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീര്‍.

ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്താണ് എല്ലാ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു. ഡിജിപിയെ കാണാന്‍ ആറ് പേരെ കാണാന്‍ അനുവാദം നല്‍കിയതാണ്. എന്നാല്‍ 17പേര്‍ക്ക് അനുവാദം വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഷംസീര്‍ പറഞ്ഞു.

ഈ കേസില്‍ പ്രതിയെ പിടിക്കുകയാണ് ആവശ്യം, അല്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുപോയി കുടുംബത്തെ തള്ളുകയല്ല വേണ്ടതെന്നും ഷംസീര്‍ വ്യക്തമാക്കി. പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിന് രീതിയുണ്ട്. ആ രീതിയിലായിരിക്കും ചെയ്തത്. കുടുംബത്തെ നിര്‍ത്തി രാഷ്ട്രീയക്കളി നടത്തുന്നതിനോട് യോജിപ്പില്ലെന്നും ഷംസീര്‍ പറഞ്ഞു.

ഡിജിപിയുടെ ഓഫീസിന് മുന്നില്‍ സമരം ചെയ്യാനാകില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്, ഒരുപാട് സമരം ചെയ്തവരാണ് ഞങ്ങളൊക്കെയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡിജിപിയുടെ ഓഫീസിന് മുന്നിലേക്ക് പോയാല്‍ സമരം തടയും, നിലവിലെ രീതിയങ്ങനെയാണ്. അതൊക്കെ മാറണമെന്ന് പറയാനാകില്ലെന്നും ഷംസീര്‍ പറഞ്ഞു. സര്‍ക്കാര്‍ നന്നായിത്തന്നെ കേസില്‍ ഇടപെട്ടിട്ടുണ്ട്. പൊലീസ് നടപടിയെ സംബന്ധിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യം മുതല്‍ തന്നെ മികച്ച പൊലീസ് അന്വേഷണമുണ്ടായിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് താനുള്‍പ്പെടെ സംസാരിച്ചിട്ടുണ്ട്. കേസില്‍ പ്രതികളെ പിടിക്കാനും പൊലീസ് ഇടപെട്ടു. നിയമത്തിന്റെ പരിധിക്കകത്ത് നിന്നുകൊണ്ട് എല്ലാം സര്‍ക്കാര്‍ ചെയ്തു.

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യത്തോടെ ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. ജിഷ്ണുവിന്റെ അമ്മയെ ബഹുമാനിക്കുന്നു, ബന്ധുക്കളുടെ വികാരത്തെ മാനിക്കുന്നു. ജിഷ്ണുവെന്നയാളോടും സ്‌നേഹവും ബഹുമാനവുമാണ് തനിക്കുള്ളതെന്നും ഷംസീര്‍ അവകാശപ്പെട്ടു.

പിണറായി മുഖ്യമന്ത്രിയായതിനാലാണ് ഇത്തരത്തിലെങ്കിലും കേസ് എത്തിയത്. സ്വാശ്രയപ്രശ്‌നം ഉയര്‍ത്തിയത് എസ്എഫ്‌ഐയാണ്. സ്വാശ്രയകോളേജുകളുടെ സംരക്ഷകരാണ് സര്‍ക്കാരിനെതിരെ ഇപ്പോള്‍ സംസാരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇരയുടെയും വേട്ടക്കാരുടെയും ഒപ്പം നില്‍ക്കുന്നുവെന്നും ഷംസീര്‍ ആരോപിക്കുന്നു.

Top