an shamseer against vt balram

തിരുവനന്തപുരം: നിയമസഭയില്‍ സദാചാര വിഷയം ഉന്നയിച്ച് പ്രതിപക്ഷം നടത്തിയ ബഹളത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ എടാ എന്നുവിളിച്ച് ആക്ഷേപിച്ച ബല്‍റാമിനെതിരെ പ്രതിഷേധിക്കണമെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ.

ഗുരുവായൂര്‍ എംഎല്‍എയെ മതംപറഞ്ഞ് ആക്ഷേപിച്ച രമേശ് ചെന്നിത്തലയിലെ സംഘിയെ തിരിച്ചറിയണമെന്നും ഷംസീര്‍ ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.

ശിവസേനയുടെ നാടകത്തിനു പിന്നില്‍ പ്രതിപക്ഷത്തിന്റെ കയ്യുണ്ടോ എന്നും ശിവസേനയെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണോ എന്നും മുഖ്യമന്ത്രി സഭയില്‍ സംശയമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായാണ് പ്രതിപക്ഷം നേരിട്ടത്.

മുഖ്യമന്ത്രിയുടെ പൊലീസ് ശിവസേനയുടെ സദാചാര നാടകങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. മുഖ്യമന്ത്രി മൗനിയാണെന്നും സരോപദേശം കൊണ്ട് കാര്യമില്ലെന്നും കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വാക്കേറ്റം രൂക്ഷമായതോടെ ഇരുവിഭാഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം ആരംഭിച്ചു. ഇതിനിടെയാണ് വിടി ബല്‍റാം എംഎല്‍എ മുഖ്യമന്ത്രിയെ എടാ എന്നു വിളിച്ച് ആക്ഷേപിച്ചതെന്നാണ് ആരോപണം.

ഇതിനിടെ സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ ആക്ഷേപത്തെ വിമര്‍ശിച്ച് വി.ടി. ബല്‍റാം രംഗത്തെത്തി. ബ്രണ്ണന്‍ കോളജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ടെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കും. അതില്‍ പ്രകോപിതനാവേണ്ട കാര്യമില്ലെന്നും ബല്‍റാം പറഞ്ഞു.

Top