പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം തട്ടിപ്പ് നടത്തുന്ന വൃദ്ധൻ പിടിയിൽ

താനെ : രാജ്യത്തെ നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ചെന്ന് വ്യവസായ പ്രമുഖൻ ചമഞ്ഞ് താമസിച്ച്, അവിടെ നിന്ന് വിലകൂടിയ  വിദേശ മദ്യവും, സിഗരറ്റും മറ്റും ഓർഡർ ചെയ്ത്, ഒടുവിൽ പണം നൽകാതെ അവിടെ നിന്ന് കടന്നു കളഞ്ഞുകൊണ്ടിരുന്ന വിൻസന്റ് ജോൺ എന്ന തട്ടിപ്പുകാരനെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെ കോടതി കുറ്റക്കാരനെന്നു കണ്ടെത്തി. അറുപത്തിമൂന്ന് വയസ്സ് പ്രായമുള്ള ഇയാൾക്കെതിരെ ഡിസംബർ 14 -നാണ് കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്.

അന്വേഷണം ഏറ്റെടുത്ത മുംബൈ പൊലീസിന്റെ സൈബർ ഇന്റലിജൻസ് വിഭാഗം ഒരു ദിവസം കൊണ്ടുതന്നെ താനെ ഗോഡ്‌ബന്ദർ റോഡിലുള്ള രഹസ്യ സങ്കേതത്തിൽ നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു.  ഇയാൾക്കെതിരെ 187 ലധികം വഞ്ചനാകേസുകൾ നിലവിലുണ്ട്. ദശാബ്ദങ്ങളായി, ഒരിക്കൽ പോലും പിടിക്കപ്പെടാതെ ഇതേ രീതിയിൽ തട്ടിപ്പുനടത്തിക്കൊണ്ടിരുന്ന വിൻസന്റിന്, മഹാരാഷ്ട്രയ്ക്കു പുറമെ, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെയും നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളെ പറ്റിച്ചു കടന്നു കളഞ്ഞിട്ടുണ്ട്.

Top