രണ്ട് കണ്ടെയ്‌നറുകളിലായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പഴകിയ മത്സ്യം പിടികൂടി

തിരുവനന്തപുരം: രണ്ട് കണ്ടെയ്‌നറുകളിലായി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പഴകിയ മത്സ്യം പിടികൂടി. അമരവിള ചെക്‌പോസ്റ്റിലാണ് 26 ടണ്‍ പഴകിയ മത്സ്യം പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് പിടികൂടിയത്.

അതേസമയം, ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഇന്നലെ നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം പിടികൂടി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്താകെ 184 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. അതില്‍ 15 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ശനിയാഴ്ച 165 പരിശോധനകളിലൂടെ 2,865 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 187 പരിശോധനകളിലൂടെ 15,641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17,018 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിരുന്നു.

ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 43,081 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

Top