ഇന്ത്യയ്ക്ക് വേണ്ടി ട്വിറ്റര്‍ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു

twitter

ന്യൂഡല്‍ഹി: പുതിയ കേന്ദ്ര ഐടി നിയമം അനുസരിച്ച് ഇന്ത്യയ്ക്ക് വേണ്ടി ട്വിറ്റര്‍ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ ധര്‍മേന്ദ്ര ചാതൂര്‍ രാജിവെച്ചു. പുതിയ ഐ ടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും പോരിടുന്ന ഘട്ടത്തിലാണ് ഈ രാജി.

മെയ് 25 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ ഐടി നിയമമനുസരിച്ച് 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള സാമൂഹ്യ മാധ്യമ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ഗ്രീവന്‍സ് ഓഫീസറെ നിയമിക്കണം. ഈ ഓഫീസറുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുകയും വേണം.

ഇക്കാര്യത്തില്‍ ഏറെ നാള്‍ നീണ്ട പോരിന് ശേഷമാണ് ട്വിറ്റര്‍ കേന്ദ്ര നയത്തിന് വഴങ്ങി ഗ്രീവന്‍സ് ഓഫീസറെ നിയമിക്കാന്‍ തയ്യാറായത്. ജൂണ്‍ അഞ്ചിനാണ് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ അവസാന നോട്ടീസ് നല്‍കിയത്. അതിനെ തുടര്‍ന്നാണ് ധര്‍മേന്ദ്ര ചതുര്‍ ഗ്രീവന്‍സ് ഓഫീസറായി വന്നത്.

നിലവില്‍ ട്വിറ്ററിനെതിരേ കേസെടുക്കുന്ന രീതിയിലേക്ക് വരെ സംഭവങ്ങള്‍ വളര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് ഓഫീസറുടെ ഈ പിന്മാറ്റം. രാജ്യത്തിന്റെ പുതിയ ഐടി നിയമം പാലിക്കപ്പെടുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു.

Top