വീൽചെയറിൽ നിന്ന് വീണ് രോഗിക്ക് പരിക്കേറ്റ സംഭവം; നടപടി ആവശ്യപ്പെട്ട് നാട്ടുകാരും പൊതുപ്രവർത്തകരും

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ വീല്‍ചെയറില്‍ നിന്ന് വീണ് രോഗിക്ക് പരിക്കേറ്റ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും പൊതുപ്രവര്‍ത്തകരും. രോഗികള്‍ നേരിടുന്ന ദുരവസ്ഥയെ കുറിച്ച് പരാതി നല്‍കിയിട്ടും, നടപടി എടുക്കാത്ത ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ വൈകിട്ട് തണ്ണീര്‍പ്പന്തല്‍ സ്വദേശി മൊയ്തുവിനാണ് സ്‌കാനിങ് കഴിഞ്ഞ് വരവേ വീല്‍ചെയര്‍ പൊട്ടി വീണ് പരിക്കേറ്റത്.

പക്ഷേ, ആശുപത്രി അധികൃതര്‍ രോഗിയെയും ബന്ധുക്കളെയും കുറ്റപ്പെടുത്തി കൈ കഴുകാനുള്ള ശ്രമത്തിലാണ്. ആശുപത്രിയില്‍ എത്തിയ രോഗിയെ തോളില്‍ ചുമന്നുകൊണ്ട് നടക്കുന്ന ബന്ധുക്കളുടെ ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ടര്‍ വാര്‍ത്ത ചെയ്തപ്പോഴും അധികൃതര്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ തയ്യാറായില്ല. ജില്ലാ ആശുപത്രി അധികൃതരുടെ ഇത്തരം അനാസ്ഥയാണ് രോഗികളുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് കാട്ടി ആരോഗ്യവകുപ്പ് മേധാവികളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാരും പൊതുപ്രവര്‍ത്തകരും.

കാലില്‍ പഴുപ്പ് ബാധിച്ച് ഒരു മാസമായി നടക്കാന്‍ പോലും കഴിയാതെ ചികിത്സയിലായിരുന്നു തണ്ണീര്‍പ്പന്തല്‍ സ്വദേശി മൊയ്തു. ഇന്നലെ ബന്ധുക്കളുടെ സഹായത്തോടെ സ്‌കാനിങ് കഴിഞ്ഞ് മടങ്ങിവരവേ, ജില്ലാ ആശുപത്രിയിലെ വീല്‍ചെയര്‍ പൊട്ടി നിലത്ത് വീണ് മൊയ്തുവിന് പരിക്കേറ്റു. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത മൊയ്തുവിന് സ്ട്രക്ചറിന് പകരം കിട്ടിയ വീല്‍ചെയറിന്റെ കാലപ്പഴക്കമാണ് അപകടത്തിന്റെ പ്രധാന കാരണം.

Top