ഒപ്പമുള്ളവനെ അരച്ച് കൊന്നാൽ പോലും കണ്ടില്ലന്ന് നടിക്കുന്ന ദുഷ്ടവർഗ്ഗം

സ്.വി പ്രദീപ് കുമാർ എന്ന മാധ്യമ പ്രവർത്തകനോട് , മരണത്തിൽ പോലും നീതി പുലർത്താത്ത മാധ്യമ ലോകത്തിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ചാനൽ മേഖല വിട്ട് ഓൺലൈൻ മേഖലയിൽ സജീവമായാൽ, വ്യക്തി സ്വാതന്ത്ര്യം ഉപയോഗിച്ച് നിലപാട് തുറന്ന് പറഞ്ഞാൽ, അതിൽ അസ്ഹിഷ്ണുത പുലർത്തുന്നവരിൽ മാധ്യമ മേലാളൻമാരും ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് അപകടകരമായ ഈ നിശബ്ദത. പ്രദീപ് മരണപ്പെട്ടിരിക്കുന്നത് ദുരൂഹ സാഹചര്യത്തിലാണ്.

തലസ്ഥാനത്ത് ഒരില വീണാൽ നിമിഷ നേരം കൊണ്ട് ബ്രേക്കിംങ് ന്യൂസ് കൊടുത്ത് വാർത്തകളുടെയും വിവാദങ്ങളുടെയും പ്രളയം സൃഷ്ടിക്കുന്ന ‘മുഖ്യധാര’കൾക്ക് ഇത് വാർത്തയല്ല, പ്രദീപിന്റെ പെറ്റ അമ്മ തന്നെ മരണത്തിൽ സംശയം പ്രകടിപ്പിച്ചാൽ, അതും ഇക്കൂട്ടർക്ക് വാർത്താ വിഭവമല്ല. ടിപ്പർ ലോറി ഇടിച്ചിട്ട് അരച്ചു കളഞ്ഞത് തങ്ങളിൽ ഒരാളാണെന്ന ബോധം മാധ്യമങ്ങൾക്ക് ഉണ്ടാവണം. ഈ അപകടം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള കൊലപാതകമാണെങ്കിൽ ‘ഇന്ന് പ്രദീപ് നാളെ താൻ ‘ എന്ന ബോധം ഓരോ മാധ്യമ പ്രവർത്തകനും വേണം.

ദുരൂഹ സാഹചര്യത്തിൽ പ്രദീപ് മരണപ്പെട്ട് എത്ര മണിക്കൂർ കഴിഞ്ഞാണ് അത് മാധ്യമങ്ങൾ വാർത്തയാക്കിയത് ? എന്തിനായിരുന്നു ഈ താമസം ? എന്തു കൊണ്ടാണ് ഈ മരണം നിങ്ങൾക്ക് നിസാരമായി തോന്നിയത് ? ഈ ചോദ്യങ്ങൾക്ക് വാർത്താ ചാനലുകൾ ഉൾപ്പെടെ സകല കുത്തക മാധ്യമങ്ങളും മറുപടി പറയണം. സ്മാർട്ട് ഫോൺ ഉള്ള ഏതൊരാൾക്കും മാധ്യമ പ്രവർത്തകരാകാവുന്ന പുതിയ കാലത്ത്, അങ്ങനെ കയറി വന്നയാളല്ല എസ്.വി പ്രദീപ്. മുഖ്യധാരാ വാർത്താ ചാനലുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ച ശേഷമാണ് സ്വന്തം നിലക്ക് യൂട്യൂബ് ചാനലിൽ അദ്ദേഹം സജീവമായത്.

 

എസ്.വി പ്രദീപിന്റെ ആശയങ്ങളോടും, വാർത്താ ശൈലിയോടും ഞങ്ങൾക്കും യോജിപ്പില്ല, പക്ഷേ, നിലപാട് പറയാനുള്ള പ്രദീപിന്റെ അവകാശത്തെ ആർക്കും തന്നെ ചോദ്യം ചെയ്യാൻ കഴിയുകയില്ല. മലയാളികളുടെ ചിന്താശക്തിയെ നിയന്ത്രിക്കുന്നവർ എന്നവകാശപ്പെടുന്ന ചാനലുകൾ, എന്തിനാണ് പ്രദീപിന്റെ ദുരൂഹ മരണത്തെ, അതിന്റെതായ ഗൗരവത്തിൽ കാണാതിരുന്നത് എന്നതിന് മറുപടി നൽകിയേ പറ്റൂ.പ്രദീപിന്റെ മരണത്തിൽ ദുരൂഹത സംശയിക്കാൻ കാരണം ഏറെയുണ്ട്. അതിൽ പ്രധാനം പ്രദീപിനെ ഇടിച്ചിട്ട വാഹനം കടന്ന് കളഞ്ഞത് തന്നെയാണ്.

അബദ്ധത്തിൽ പറ്റിയ പിഴവാണെങ്കിൽ, ഡ്രൈവർ പൊലീസിൽ വിവരമറിയിക്കുകയും, ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും ചെയ്യുമായിരുന്നു.എന്നാൽ അങ്ങനെയൊന്നും ഇവിടെ സംഭവിച്ചിട്ടില്ല. രാത്രി വൈകും വരെയും ഇടിച്ച വാഹനം കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. ഏറെ സംശയമുണർത്തുന്ന കാര്യമാണത്. ചാനൽ വിട്ട് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിലേക്ക് ഇറങ്ങിയത് മുതൽ, പ്രദീപിന്റെ ആകെയുള്ള സമ്പാദ്യം ശത്രുക്കൾ മാത്രമാണ്. അദ്ദേഹം ജോലി ചെയ്ത യൂട്യൂബ് ചാനലുകളിലെ വാർത്തകൾ പരിശോധിച്ചാൽ ഇതിന്റെ കാരണങ്ങളും വ്യക്തമാകും.

പ്രദീപിനെ ഇടിച്ചിട്ട വാഹനം ആരുടെ ? ഡ്രൈവർ ആര് ? എന്തിന് ഇടിച്ചിട്ടിട്ടും കടന്ന് കളഞ്ഞു ? ഇവരെ കണ്ടെത്തി, സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ദുരുഹതയകറ്റാൻ പൊലീസ് തയ്യാറാകണം. അതിനായി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തന്നെയാണ് അന്വേഷണം നടക്കേണ്ടത്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ സംഘടനയായ കോം ഇന്ത്യയുടെ ഭാരവാഹികളും ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാരും തയ്യാറാവണം.

Top