ട്രെയിനിന്റെ മുകളിലേക്ക് വൈദ്യുത വയര്‍ വീണതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്കിട്ടു; രണ്ട് യാത്രക്കാര്‍ മരിച്ചു

ദില്ലി: ട്രെയിന്‍ എര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ കുലുക്കത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച ഝാര്‍ഖണ്ഡിലെ കോഡെര്‍മയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട പുരി-ന്യൂ ദില്ലി പുരുഷോത്തം എക്സ്പ്രസാണ് ബ്രേക്കിട്ടത്. ട്രെയിനിന്റെ മുകളിലേക്ക് വൈദ്യുത വയര്‍ വീണതിനെത്തുടര്‍ണ് ലോക്കോപൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ചവിട്ടിയത്. പര്‍സാബാദിന് സമീപം ഗോമോ, കോഡെര്‍മ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ഉച്ചയ്ക്ക് 12:05 മണിയോടെയായിരുന്നു സംഭവമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലൈനിലെ വൈദ്യുതി വിതരണം പെട്ടെന്ന് നിലച്ചതിനാല്‍ ട്രെയിന്‍ നിര്‍ത്താന്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിക്കുകയല്ലാതെ മറ്റുമാര്‍?ഗമുണ്ടായിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി എമര്‍ജന്‍സി ബ്രേക്ക് പിടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ കുലുങ്ങി. സംഭവത്തില്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചതായി ധന്‍ബാദ് റെയില്‍വേ ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ് മാനേജര്‍ അമേരേഷ് കുമാര്‍ പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ ട്രെയിന്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. ധന്‍ബാദ് ഡിവിഷനില്‍ നാല് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട്, പുരുഷോത്തം എക്‌സ്പ്രസ് അപകടസ്ഥലത്ത് നിന്ന് ഗോമോയിലേക്ക് കൊണ്ടുപോകാന്‍ ഡീസല്‍ എഞ്ചിന്‍ എത്തിച്ചു. അവിടെ നിന്ന് ഇലക്ട്രിക് എഞ്ചിന്‍ ഉപയോഗിച്ച് ദില്ലിയിലേക്കുള്ള യാത്ര തുടര്‍ന്നു.

Top