മാതാപിതാക്കളെ വീട്ടിലെത്തിക്കാന്‍ 600 കി.മീ റിക്ഷ ചവിട്ടി പതിനൊന്നുകാരന്‍

ബിഹാര്‍: കാലൊടിഞ്ഞ പിതാവിനെയും അന്ധയായ മാതാവിനെയും വീട്ടിലെത്തിക്കാന്‍ 600 കിലോമീറ്റര്‍ സൈക്കിള്‍ റിക്ഷ ചവിട്ടി പതിനൊന്ന് വയസുകാരന്‍. വരാണസിയിലെ മാര്‍ബിള്‍ കടയിലെ തൊഴിലാളി ബിഹാറുകാരനായ ഇസ്‌റാഫിലിന്റെ ആറ് മക്കളില്‍ അഞ്ചാമനായ തബാറകാണ് ചുട്ടുപൊള്ളുന്ന വെയിലേറ്റ് തുടര്‍ച്ചയായി ഒമ്പത് ദിവസം റിക്ഷ ചവിട്ടി വാരണാസിയില്‍ നിന്ന് വാമാതാപിതാക്കെള ബീഹാറിലെ വീട്ടിലെത്തിച്ചത്.

മാര്‍ബിള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ കാലിന് പരിക്ക് പറ്റിയ ഇസ്‌റാഫിലിനെ പരിചരിക്കാന്‍ നാട്ടില്‍ നിന്നെത്തിയതായിരുന്നു മകന്‍ തബാറകും മാതാവും. കാര്‍ഷിക ജോലിക്കിടെ പരിക്ക് പറ്റി അന്ധയായ മാതാവ് സോഗ്രക്ക് ഒറ്റക്ക് യാത്ര ചെയ്യാനാകാത്തതിനാല്‍ തബാറകിനെ കൂടെ കൂട്ടുകയായിരുന്നു.

അതിനിടയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുംബം വരാണസിയില്‍ കുടുങ്ങി. പണിയില്ലാതെ പട്ടിണിയായതോടെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു മൂന്ന് പേരും. രണ്ട് പെണ്‍ മക്കള്‍ വീട്ടിലുണ്ട്. തിരിച്ച് വരികയല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്നും പട്ടിണിയാണെങ്കിലും എല്ലാവര്‍ക്കും ഒരുമിച്ച് അനുഭവിക്കാമല്ലോയെന്നും സാഹസിക യാത്രക്ക് ഇറങ്ങിയതിനെ കുറിച്ച് സോഗ്ര പറയുന്നു.

ബിഹാറിലെത്തിയ തബാറകും പിതാവും ഇപ്പോള്‍ ക്വാറന്റീന്‍ കേന്ദ്രത്തിലാണ്. സ്ത്രീകള്‍ക്ക് ക്വാറന്റീന്‍ സൗകര്യമില്ലാത്തതിനാല്‍ സോഗ്ര വീട്ടില്‍ ആണ്.തബാറക് മാതാപിതാക്കളെ കയറ്റി റിക്ഷ ചവിട്ടുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Top