പത്തുവര്‍ഷമായി മാറ്റി സ്ഥാപിക്കാത്ത വൈദ്യുതി പോസ്റ്റ് ഒരടി മാറ്റി സ്ഥാപിച്ചു; നവകേരള സദസിലൂടെ പരാതിക്ക് പരിഹാരം

പാലക്കാട്: നവകേരള സദസിലൂടെ പരാതിക്ക് പരിഹാരം. പത്തുവര്‍ഷമായി മാറ്റി സ്ഥാപിക്കാത്ത വൈദ്യുതി പോസ്റ്റ് ഒരടി മാറ്റി സ്ഥാപിച്ചതാണ് വൈദ്യുതി മന്ത്രിയുടെ ജില്ലയില്‍ ഔദ്യോഗികമായി പരിഹരിച്ച ആദ്യ പരാതി. വാഹനമിടിച്ച് തകര്‍ന്ന പോസ്റ്റ് വീട്ടുകാരില്ലാത്ത സമയത്ത് ഉദ്യോഗസ്ഥര്‍ മാറ്റി സ്ഥാപിച്ചതാണ് ഒലവക്കോട് ഇരുപ്പശ്ശേരി വീട്ടില്‍ രാജനും കുടുംബത്തിനും തലവേദനയായത്. കെട്ടിടവും പോസ്റ്റും തമ്മില്‍ ദൂരമില്ല എന്ന കാരണത്താല്‍ പുതിയ വീടിന് പഞ്ചായത്തില്‍ നിന്നും വീട്ടുനമ്പര്‍ കിട്ടാതായി സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയുമായി.

പത്തു വര്‍ഷമാണ് പോസ്റ്റൊന്ന് മാറ്റി സ്ഥാപിക്കാന്‍ രാജനും കുടുംബം ഓഫീസുകള്‍ കയറി ഇറങ്ങിയത് താലൂക്ക് അദാലത്തിലും പരാതി കൊടുത്തു. രക്ഷയുണ്ടായില്ല. പതിനായിരം രൂപ അടച്ചാല്‍ മാറ്റാമെന്ന് കെഎസ്ഇബി സമ്മതിച്ചു. അതിന് കഴിയാതായതോടെ വേണ്ടെന്ന് വെച്ച. അങ്ങനെ നവകേരള സദസില്‍ ബന്ധുവിന്റെ സഹായത്തോടെ പരാതി നല്‍കി. അങ്ങനെ നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം രാജന്റെ ആനുകൂല്യങ്ങള്‍ നിഷേധിച്ച പോസ്റ്റ് ബുധനാഴ്ച ഒരടി പിറകോട്ട്മാറ്റി സ്ഥാപിച്ചു. ഇനി വീട്ടു നമ്പര്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

അതേസമയം, നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടു ദിവസം എറണാകുളത്തുണ്ടാകും. കാനം രാജേന്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസാണ് നാളെയും മറ്റന്നാളുമായി നടക്കുക. പുതുതായി ചുമതലയേറ്റ മന്ത്രിമാരും അവസാനനാലുമണ്ഡലങ്ങളിലെത്തും.

136 മണ്ഡലങ്ങള്‍ പൂര്‍ത്തിയാക്കിയ നവകേരള സദസ്. രക്ഷാപ്രവര്‍ത്തകരുടെ വഴിനീളെയുളള പഞ്ഞിക്കിടല്‍. കരിങ്കൊടി. ഷൂഏറ്. മുഖ്യമന്ത്രിയുടെ അംഗരക്ഷകനടക്കം എതിരായ കേസ്. ആഴ്ചകള്‍ നീണ്ട നവകേരളസദസിന്റെ അലയൊലികള്‍ അവസാനിക്കും മുമ്പാണ് മന്ത്രിപ്പട കൊച്ചിയിലേക്ക് വരുന്നത്. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് നാളെയും മറ്റന്നാളുമായി ക്രമീകരിച്ചിരിക്കുന്നത്.

Top