കൊല്ലത്ത് എട്ട് വയസ്സുകാരിയുടെ കാലുകൾ പിതാവ് പൊള്ളിച്ചെന്നു പരാതി

കൊല്ലം: അയൽവീട്ടിൽ കളിക്കാൻ പോയതിൽ പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകൾ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി. വീട്ടുകാർ എതിർത്തപ്പോൾ അവരെ മർദിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞദിവസം ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. പൊള്ളലേറ്റ ഭാഗത്തു മരുന്നു വയ്ക്കാതിരുന്നതിനാൽ വ്രണമായ അവസ്ഥയിലായിരുന്നു. ആരെങ്കിലും ചോദിച്ചാൽ ചീനച്ചട്ടി കൊണ്ട് പൊള്ളലേറ്റതാണെന്നു പറയണമെന്നു പിതാവ് കുട്ടിക്കു നിർദേശം നൽകിയിരുന്നു.

സംഭവത്തിൽ ഇന്നു തുടർനടപടി സ്വീകരിക്കുമെന്നു അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു.

Top