മെക്‌സിക്കോയിലെ ഭൂചലനം: മരണസംഖ്യ 58 ആയി, ഇരുന്നൂറോളം പേര്‍ക്ക് പരിക്ക്

മെക്‌സിക്കോ: മെക്‌സിക്കോയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി.

ഇരുന്നൂറോളം പേര്‍ക്ക് ഭൂചലനത്തില്‍ പരിക്കേറ്റതായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്വെ പിന നിയറ്റോ അറിയിച്ചു. ടബാസ്‌കോ, ഒസാക്ക, ചിയാപാസ് സംസ്ഥാനങ്ങളിലാണ് ഭൂചലനം ഏറ്റവുമധികം നാശം വിതച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്.

മെക്‌സിക്കോയുടെ അയല്‍രാജ്യമായ ഗ്വാട്ടിമാലയിലും ശക്തമായ ഭൂചലനമുണ്ടായിരുന്നു. മെക്‌സിക്കോയില്‍ 8.2ഉം ഗ്വാട്ടിമാലയില്‍ 7.3ഉം തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്.

മെക്‌സിക്കോയിലുണ്ടായ ഭൂചലനം തലസ്ഥാനമായ മെക്‌സിക്കോസിറ്റിയിലടക്കം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു കടലില്‍ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമിയും ഉണ്ടായി.

1985 സെപ്റ്റംബര്‍ 19ന് മെക്‌സിക്കോസിറ്റിയിലുണ്ടായ ഭൂചലനത്തില്‍ 40,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top