തൃശ്ശൂരില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; പിന്നാലെ തൂങ്ങിമരിച്ച് ഭര്‍ത്താവ്

തൃശ്ശൂര്‍: കല്ലൂരില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കല്ലൂര്‍ പാടംവഴിയില്‍ കൂന്തിലി ബാബു (64) വാണ് ഭാര്യ ഗ്രേസി (58) യെ ആക്രമിച്ചശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗ്രേസി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ഭാര്യയെ ബാബു വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ ഉള്‍പ്പെടെ വെട്ടേറ്റ ഗ്രേസി വീടിന്റെ വാതില്‍ തുറന്ന് തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് അയല്‍ക്കാര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ഗ്രേസിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗ്രേസി വീട്ടില്‍നിന്ന് പുറത്തേക്ക് ഓടിയ സമയത്താണ് ബാബു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കഴുത്തിലും കൈകാലുകളിലും അടക്കം ഗ്രേസിയുടെ ശരീരത്തില്‍ 16 തവണ വെട്ടേറ്റിട്ടുണ്ട്.

അക്രമത്തിന് കാരണം കുടുംബവഴക്കാണെന്നാണ് പ്രാഥമികവിവരം. രണ്ടുമക്കളും വിദേശത്തായതിനാല്‍ ബാബുവും ഗ്രേസിയും മാത്രമാണ് കല്ലൂരിലെ വീട്ടില്‍ താമസിച്ചിരുന്നത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പുതുക്കാട് പോലീസ് കേസെടുത്തു.

Top