തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് യുവതിയെ പെട്രോള്‍ ഒഴിച്ച് തീവച്ച് കൊലപ്പെടുത്താന്‍ ശ്രമം. പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനുവാണ് ആക്രമിച്ചത്. ചേങ്കോട്ടുകോണം സ്വദേശിനി ജി സരിതയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ബിനുവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സരിതയ്ക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. വീട്ടില്‍ നിന്നും വിളിച്ചിറക്കിയാണ് ഇയാള്‍ സരിതയെ ആക്രമിച്ചത്.
സരിതയുടെ വീട്ടില്‍ എട്ടുമണിയോടെ എത്തിയ ബിനു വാക്കുതര്‍ക്കത്തിനിടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ചു തീവെക്കുകയായിരുന്നു. തീ ബിനുവിന്റെ ദേഹത്തും പടര്‍ന്നതോടെ ഇയാള്‍ തൊട്ടടുത്ത കിണറ്റിലേക്ക് എടുത്തുചാടി. യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ യുവതിയെ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.