ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ വേണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പിനുള്ളത്. ഇക്കാര്യത്തില്‍ കക്ഷി നേതാക്കളുടെ അഭിപ്രായം തേടും. മറ്റ് നിയന്ത്രണങ്ങളും യോഗം ചര്‍ച്ച ചെയ്യും.

ഉച്ചക്ക് 3 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് യോഗം. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം ആയിരം കടന്നതോടെ രോഗവ്യാപന ഭീഷണി ഉയരുകയാണ്. ഇന്നലെ രോഗബാധിതരായ 1078 പേരില്‍ 798 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. തലസ്ഥാനത്തെ ആശങ്കക്ക് കുറവില്ല.

രോഗം ബാധിച്ച 222 രോഗികളില്‍ 206 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ്. നഗരസഭയിലെ 7 ജനപ്രതിനിധികള്‍ രോഗബാധിതരായി. കൊല്ലത്ത് തുടര്‍ച്ചയായി 100ല്‍ കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ടയില്‍ റിപ്പോര്‍ട്ട് ചെയ്ത 27 പേരില്‍ 24 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്.

കോഴിക്കോട്ടും മലപ്പുറത്തും പാലക്കാട്ടും ആശങ്ക തുടരുകയാണ്. പരിയാരം മെഡിക്കല്‍ കോളജില്‍ ഡോക്ടറടക്കം 7 പേര്‍ കൊവിഡ് ബാധിതരായത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയായി. മലപ്പുറത്ത് കൊണ്ടോട്ടി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് വ്യാപനം തുടരുന്നു. മധ്യകേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടുകയാണ്. എറണാകുളത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നൂറില്‍ 94 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ്.

Top