പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ച സര്‍വകക്ഷി യോഗം ആരംഭിച്ചു

ഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ആരംഭിച്ചു. ഡിസംബര്‍ 4 മുതല്‍ 22 വരെയാണ് ശൈത്യകാല സമ്മേളനം. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പ് ലക്ഷ്യം വെച്ചാണ് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി സര്‍വ്വകക്ഷി യോഗം വിളിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കുന്നതിനാലാണ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പ് സര്‍വ്വകക്ഷി യോഗം വിളിച്ചത്.

മുന്‍ കാലത്ത് പാര്‍ലമെന്റ് സമ്മേളനത്തിന്റെ തലേദിവസമാണ് യോഗം ചേരാറുള്ളത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സമ്മേളനത്തില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. ഉത്തരകാശി തുരങ്ക ദുരന്തം, തൊഴിലില്ലായ്മ, മണിപ്പൂര്‍ അടക്കം പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലായിരിക്കും ഇത്തവണ പൂര്‍ണ്ണമായും സഭ ചേരുക.

നേരത്തെ ജൂലൈ 20ന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഏതാണ്ട് പൂര്‍ണ്ണമായും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. മണിപ്പൂര്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നായിരുന്നു സഭ തടസ്സപ്പെട്ടത്. അയോഗ്യത മാറി രാഹുല്‍ ഗാന്ധി വീണ്ടും സഭയിലെത്തിയത് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിനിടെയായിരുന്നു. സര്‍ക്കാരിനെതിരെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തിരുന്നു. പഴയ പാര്‍ലമെന്റ് കെട്ടിടത്തില്‍ തുടങ്ങിയ വര്‍ഷകാല സമ്മേളനം പുതിയ കെട്ടിടത്തിലായിരുന്നു അവസാനിച്ചത്. 23 ദിവസങ്ങളിലായി നടന്ന വര്‍ഷകാല സമ്മേളനത്തില്‍ 17 സിറ്റിംഗുകളാണ് പ്ലാന്‍ ചെയ്തിരുന്നത്.

Top