എഎന്‍ 32 വിമാനാപകടം; ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിയ്ക്കു സമീപം വ്യോമസേനാ വിമാനം തകര്‍ന്ന്
മരിച്ചവരില്‍ ആറുപേരുടെ മൃതദേഹങ്ങളും ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തു. 12,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലനിരകളില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ജോര്‍ഹാട്ടിലെ വ്യോമസേന ബേസ് ക്യാമ്പിലേക്ക് മാറ്റുമെന്നും വ്യോമസേന അറിയിച്ചു.

ജൂണ്‍് മൂന്നാം തീയതിയാണ് വിമാനം കാണാതായത്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മെഞ്ചുക്കയിലേക്ക് പോയ റഷ്യന്‍ നിര്‍മിത വിമാനം വീണ സ്ഥലം 8 ദിവസത്തിനു ശേഷമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലാള്‍ സംഘങ്ങളും തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഗാട്ടെ ഗ്രാമത്തിനടുത്ത് 12,000 അടി ഉയരത്തിലുള്ള ദുര്‍ഘടമായ മലമ്പ്രദേശത്തെ കിടങ്ങില്‍ വിമാനം കിടക്കുന്നത് കണ്ടെത്തിയത്.

8 സേനാംഗങ്ങളും 5 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യോമസേനാ വിങ് കമാന്‍ഡര്‍ ജി എം ചാള്‍സ്, സ്‌ക്വാഡ്രന്‍ ലീഡര്‍ എച്ച് വിനോദ്, ഫ്ലൈറ്റ് ലെഫ്റ്റനന്റുമാരായ ആര്‍ ഥാപ്പ, എ തന്‍വര്‍, എസ് മൊഹന്തി, എം കെ ഗാര്‍ഗ്, വാറന്റ് ഓഫീസര്‍ കെ കെ മിശ്ര, സര്‍ജെന്റ് അനൂപ് കുമാര്‍, കോര്‍പറല്‍ ഷെറിന്‍, എല്‍ എ സിമാരായ എസ് കെ സിങ്, പങ്കജ്, എന്‍ സി(ഇ)മാരായ പുതാലി, രാജേഷ് കുമാര്‍ എന്നിവരാണ് മരിച്ചവര്‍.

മൂന്നു മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍.കെ. ഷരിന്‍, അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍.

Top