11 വയസുകാരിയെ നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 4 ജീവപര്യന്തം തടവിന് വിധിച്ച് പോക്‌സോ കോടതി

കൊച്ചി: പതിനൊന്നുകാരിയെ ഒരു വര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് കനത്ത ശിക്ഷ. ഞാറയ്ക്കല്‍ സ്വദേശി ബിജു ഫ്രാന്‍സിസിന് 4 ജീവപര്യന്തം തടവും അഞ്ചര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. ഞാറയ്ക്കല്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

ഒരു കേസില്‍ 4 ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത് അത്യപൂര്‍വമാണ്. ജീവപര്യന്തം എന്നത് ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കണം എന്നാണെന്ന് കോടതി വിശദീകരിച്ചു. 2018 ല്‍ ആണ് പ്രതി 11 വയസുള്ള കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ അറസ്റ്റിലായി വിചാരണ തടവുകാരനായിരിക്കെ, ജയിലിലേക്ക് കഞ്ചാവ് ഓയില്‍ കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്.

പെണ്‍കുട്ടിയെ 2018 ആഗസ്റ്റ് മാസം മുതല്‍ 2019 ജനുവരി മാസം വരെ നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞത്. പെണ്‍കുട്ടി കാര്യങ്ങള്‍ പുറത്തറിയിച്ചതോടെയാണ് പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ നിയമം എന്നിവയിലെ പത്തോളം വകുപ്പിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.

നാലു വകുപ്പുകളില്‍ നാല് ജീവപര്യന്തം കഠിന തടവ് കൂടാതെ മറ്റ് 6 വകുപ്പുകളില്‍ 15 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും മരണം വരെ ഇയാള്‍ക്ക് ജയിലില്‍ തന്നെ കഴിയേണ്ടി വരും. ജീവപര്യന്തം തടവ് പ്രതിയുടെ ജീവിതാവസാനം വരെയാണെന്ന് കോടതി വിധിയില്‍ പ്രത്യേകം പറയുന്നുണ്ട്. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിക്ക് അര്‍ഹമായ പരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ശുപാര്‍ശയും ചെയ്തിട്ടുണ്ട്.

സമീപകാലത്ത് ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുകളില്‍ കേരളം കണ്ട ഏറ്റവും വലിയ ശിക്ഷാവിധി ആണിത്. പ്രതി ചെയ്ത ക്രൂരത സമ്മാനതകളില്ലാത്തതാണ് എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇത്ര കഠിനമായ ശിക്ഷ നല്‍കുന്നതെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. പള്ളുരുത്തി പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സിബിടോം, സില്‍വര്‍സ്റ്റര്‍ തുടങ്ങിയവരാണ് പ്രതിക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പിഎ ബിന്ദു, അഡ്വ സരുണ്‍ മാങ്കറ എന്നിവര്‍ ഹാജരായി.

Top