ചെന്നൈ: തമിഴ്നാട്ടിലെ ക്ഷീര കർഷകരിൽ നിന്നും പാൽ സംഭരിക്കാനുള്ള തീരുമാനത്തിൽ നിന്ന് അമുൽ പിന്മാറാൻ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത്. തമിഴ്‌നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനമായ ആവിൻ പാൽ സംഭരിക്കുന്ന മേഖലകളിലേക്കുള്ള അമുലിന്റെ കടന്നുകയറ്റം ക്ഷീരമേഖലക്ക് ഗുണകരമല്ല. സഹകരണസ്ഥാപനങ്ങൾക്കിടയിൽ ഇത് അനാരോഗ്യകരമായ മത്സരത്തിന് കാരണമാകും.
ഒരു പാൽ സംഭരണ സഹകരണ സ്ഥാപനത്തിന്റെ മേഖലയിൽ മറ്റൊരു സ്ഥാപനം കൈകടത്താതിരിക്കുന്നതാണ് രാജ്യത്തെ കീഴ്വഴക്കം. ശക്തമായ ത്രിതല ക്ഷീര സഹകരണ സംവിധാനം ആവിന്‍ വഴി തമിഴ്നാട്ടിലുണ്ട്. കർഷകർക്കും ഉപഭോക്താക്കൾക്കും പ്രയോജനപ്രദമായ രീതിയിലാണ് ആവിൻ മുന്നോട്ടുപോകുന്നത്. ഗുജറാത്തിൽ നിന്നുള്ള ക്ഷീര വിപണന ഭീമനായ അമുലിന്റെ വരവ് മേഖലയിലെ സന്തുലനം തകർക്കും. അതിനാൽ അടിയന്തര ഇടപെടൽ വേണമെന്നും സ്റ്റാലിൻ അമിത് ഷായ്ക്ക് അയച്ച കത്തിൽ പറയുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ചില്ലിംഗ് സെന്ററും പ്രോസസിംഗ് പ്ലാന്റും മറ്റ് നിരവധി ജില്ലകളിൽ പാൽ സംഭരണ കേന്ദ്രങ്ങളും തുടങ്ങാനാണ് അമുൽ പദ്ധതിയിടുന്നത്.