വെണ്ണയുമായി അമുല്‍ ഗേള്‍ ; ഫീനിക്‌സ്, ക്ഷീരോത്പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്ന് പെറ്റ

മുലിന്റെ പരസ്യ കാര്‍ട്ടൂണുകള്‍ ലോകത്ത് തന്നെ പ്രസിദ്ധമാണ്. പരസ്യ കാര്‍ട്ടൂണുകളില്‍ അവര്‍ ഒളിപ്പിച്ച് വയ്ക്കുന്ന സമകാലിക സംഭവങ്ങളെ, കൃത്യമായി അറിയുന്നവര്‍ക്ക് മാത്രമേ ഗ്രഹിച്ചെടുക്കാനും കഴിയൂ. എന്നാല്‍ ഏറ്റവും പുതിയതായി അമുല്‍ പുറത്തിറക്കിയ പരസ്യത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) ഇന്ത്യ.

കൈയില്‍ ഓസ്‌കറുമായി നില്‍ക്കുന്ന ജോക്കര്‍ ഫെയിം ജോക്വിന്‍ ഫീനിക്‌സിനെ അമുല്‍ ഗേള്‍ വെണ്ണ കഴിപ്പിക്കുന്നതാണ് പുതിയ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. മൃഗങ്ങളുടെ അവകാശത്തെക്കുറിച്ചും ക്ഷീരോല്‍പാദനത്തിലൂടെ മനുഷ്യന്‍ അവയോട് കാണിക്കുന്ന ക്രൂരതയെക്കുറിച്ചും പ്രതികരിച്ചയാളാണ് ഇദ്ദേഹം. ഓസ്‌കര്‍ വേദിയില്‍ വെച്ചാണ് ഫീനിക്‌സ് പ്രതികരിച്ചത്. ‘പ്രകൃതിയില്‍ നിന്നും നമ്മളെല്ലാവരും വളരെയധികം അകന്നിരിക്കുന്നു. നമ്മളില്‍ ഭൂരിഭാഗവും ലോകത്തിന്റെ കേന്ദ്രം മനുഷ്യന്‍ തന്നെയാണെന്ന ധാരണയില്‍ സ്വാര്‍ഥരാകുകയാണ്. അങ്ങനെ പ്രകൃതിയെ കൊള്ളയടിക്കുന്നു. പശുക്കളില്‍ കൃത്രിമ ബീജസങ്കലനം നടത്തി അവരുടെ മക്കളെ മോഷ്ടിക്കുന്നു. ആ മൃഗങ്ങളുടെ നിലവിളി കാര്യമാക്കുന്നതേയില്ല. കൂടാതെ, പശുക്കിടാക്കള്‍ക്കുള്ള പാല്‍ അവര്‍ക്ക് നല്‍കാതെ നമ്മുടെ കോഫിയുടെ ഭാഗമാക്കുകയാണ് നാം.’ മനുഷ്യന്‍ എല്ലാത്തിലും മികച്ചതാണെന്നും അതിനാല്‍ തന്നെ സഹജീവികള്‍ക്ക് ഉപദ്രവം ഇല്ലാത്ത രീതിയിലുള്ള മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും പറഞ്ഞു കൊണ്ടാണ് ജോക്വിന്‍ ഫീനിക്‌സ് അവാര്‍ഡ് വേദിയില്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

എന്നാല്‍ അമുല്‍ ഒന്നുകില്‍ വിഷയത്തെ നന്നായി പഠിക്കണമെന്നും അല്ലെങ്കില്‍ ഫീനിക്‌സിന്റെ ഓസ്‌കര്‍ പ്രസംഗം വിശദമായി കേള്‍ക്കണമെന്നും പെറ്റ അമുല്‍ പരസ്യത്തിനെതിരെ ട്വിറ്ററില്‍ കുറിച്ചു. ജോക്വിന്‍ ഫീനിക്‌സ് ഒരു സസ്യാഹാരിയാണെന്നും അദ്ദേഹം ക്ഷീരോത്പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും പെറ്റ കൂട്ടിച്ചേര്‍ക്കുന്നു. എന്ത് തന്നെയായാലും ഓസ്‌കര്‍ ജേതാവിന്റെ പ്രസംഗം അമുലിന് അത്രക്ക് ദഹിച്ചിട്ടില്ലെന്ന് തന്നെയാണ് പരസ്യ ചിത്രം സൂചിപ്പിക്കുന്നത്.

Top