ചൂലില്‍ക്കയറി പറക്കുന്ന കെജ്രിവാള്‍; പരസ്യത്തോടെ ആപ്പിനെ അഭിനന്ദിച്ച് അമുല്‍

ന്യൂഡല്‍ഹി: തങ്ങളുടെ വ്യത്യസ്തമായ പരസ്യ കാര്‍ട്ടൂണുകള്‍ കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയവരാണ് ക്ഷീരോത്പന്നങ്ങളുടെ കമ്പനിയായ അമുല്‍. ഇന്നലെ പുറത്തിറക്കിയ ഓസ്‌കര്‍ ജേതാവ് ജോക്വിന്‍ ഫീനിക്സിനെ അമുല്‍ ഗേള്‍ വെണ്ണ കഴിപ്പിക്കുന്ന കാര്‍ട്ടൂണ്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരസ്യത്തിനെതിരെ പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) ഇന്ത്യ രംഗത്ത് വന്നിരുന്നു.

എന്നാലിന്ന് അമുല്‍ തങ്ങളുടെ കാര്‍ട്ടൂണ്‍ പരസ്യത്തിന് വിഷയമാക്കിയത് ഡല്‍ഹി തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയമാണ്. ആംആദ്മി പാര്‍ട്ടിയുടെ വിജയത്തിന് കെജ്രിവാളിനെ അഭിനന്ദിക്കുന്നതാണ് പുതിയ ചിത്രം. പാര്‍ട്ടി ചിഹ്നമായ ചൂലിന്റെ പുറത്തിരുന്നു ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ പറന്നു പോകുന്നതാണ് കാര്‍ട്ടൂണ്‍ ചിത്രത്തിലുള്ളത്. ‘അപരാജിത്’ എന്ന തലക്കെട്ടാണ് ഇതിന് നല്‍കിയിരിക്കുന്നത്. അമൂലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഡല്‍ഹിയില്‍ മൂന്നാം തവണയും അരവിന്ദ് കെജ്രിവാള്‍ എന്ന ഹാഷ്ടാഗോടു കൂടിയാണ് കമ്പനി പരസ്യം പുറത്തിറക്കിയിരിക്കുന്നത്.

Top