സമരം ശക്തമാക്കുമ്പോള്‍ അലിഗഢ് ക്യാമ്പസ് ഒഴിപ്പിക്കുമെന്ന് യുപി പൊലീസ് മേധാവി

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. അതിനിടെ സമരം ശക്തമാക്കുന്ന സാഹചര്യത്തില്‍ അലിഗഢ് സര്‍വകലാശാല ക്യാമ്പസ് ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി.

ക്യാമ്പസ് ഒഴിപ്പിച്ച് വിദ്യാര്‍ഥികളെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിടുമെന്നും പൊലീസ് മേധാവി പറഞ്ഞു. അലിഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും പൊലീസും സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് വിദ്യാര്‍ഥികളെ ആക്രമിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. അതേസമയം, വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ക്കെങ്കിലും പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൊലീസും വിദ്യാര്‍ഥികളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 10 വിദ്യാര്‍ഥികള്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിദ്യാര്‍ഥി പ്രതിഷേധത്തിനു ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തകര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു.നഗരത്തിലെ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകള്‍ പൊലീസുദ്യോഗസ്ഥര്‍ തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Top