സാംസങ് ഗാലക്സി എഫ്23 5ജി ഇന്ത്യൻ വിപണിയിൽ: വില 17,499 രൂപ

സാംസങ് ഗാലക്സിയുടെ എഫ്23 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി . കഴിഞ്ഞ വർഷം പുറത്തിറക്കിയ ഗാലക്സി എഫ്22 ന്റെ പിൻഗാമിയായാണ് പുതിയ ഡിവൈസ് വരുന്നത്. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലേക്കാണ് സാംസങ് ഈ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറകൾ, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി എസ്ഒസി, 120Hz ഡിസ്‌പ്ലേ, 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നീ സവിശേഷതകളുമായിട്ടാണ് 5ജി സ്മാർട്ട്ഫോൺ വരുന്നത്. സാംസങ് ഗാലക്സി എഫ്23 5ജി രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 17,499 രൂപയാണ് വില.

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,499 രൂപ വിലയുണ്ട്. അക്വാ ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, സാംസങ്.കോം എന്നിവ വഴി മാർച്ച് 16 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് സാംസങ് ഗാലക്സി എഫ്23 5ജിയുടെ വിൽപ്പന നടക്കുന്നത്. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ ലഭ്യമാകും.

ലോഞ്ച് ഓഫറുകളായി സാംസങ് ഗാലക്സി എഫ്23 5ജി വാങ്ങാൻ ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 1,000 ഇൻസ്റ്റന്റ് ക്യാഷ്ബാക്കും രണ്ട് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ഇന്റഡോക്ടറി ഓഫറായി 4ജിബി + 128 ജിബി മോഡൽ 15,999 രൂപയ്ക്കും 6 ജിബി + 128 ജിബി ഓപ്ഷൻ 16,999 രൂപയ്ക്കും ലഭ്യമാകും.

കഴിഞ്ഞ വർഷം, സാംസങ് ഗാലക്‌സി എഫ് 22 രാജ്യത്ത് അവതരിപ്പിച്ചത് 12,499 രൂപ മുതലുള്ള വിലയിൽ ആയിരുന്നു. സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് ഉള്ളത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമുള്ള മികച്ച ഡിസ്പ്ലെയാണ്. 6 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി എസ്ഒസി പ്രോസസറാണ്.

6 ജിബി വെർച്വൽ റാം എക്സ്പാൻഡിങ് സപ്പോർട്ടം ഈ ഫോണിൽ ഉണ്ട്. ഇതിലൂടെ സ്റ്റോറേജിനെ വിർച്വൽ റാമായി മാറ്റാം. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1ലാണ് പ്രവർത്തിക്കുന്നത്.

മൂന്ന് പിൻക്യാമറകളാണ് സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ സാംസങ് ഐസോസെൽ JN1 പ്രൈമറി സെൻസറും എഫ്/1.8 ലെൻസുമുള്ള ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. സാംസങ് ഗാലക്‌സി എഫ്23 5ജിയിൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

5ജി, 4ജി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും സാംസങ് ഗാലക്‌സി എഫ്23 5ജിയിൽ നൽകിയിട്ടുണ്ട്. അഡാപ്റ്റീവ് പവർ സേവിംഗ് സാങ്കേതികവിദ്യയും ഫോണിന്റെ സവിശേഷതയാണ്.

 

Top