അംഗനവാടികള്‍ക്കായി വിതരണം ചെയ്ത അമൃതം പൊടി; പണം നല്‍കാതെ അടച്ചുപൂട്ടാനൊരുങ്ങി കുടുംബശ്രീ സംരംഭം

നെടുങ്കണ്ടം: അംഗനവാടികള്‍ക്കായി വിതരണം ചെയ്ത അമൃതം പൊടിയുടെ പണം ഗ്രാമ പഞ്ചായത്ത് നല്‍കാതായതോടെ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ് ഇടുക്കിയില്ലെ ഒരു വനിതാ കുടുംബശ്രീ സംരംഭം. നെടുങ്കണ്ടം സന്യാസിയോടയില്‍ പ്രവര്‍ത്തിയ്ക്കുന്ന സമൃദ്ധി ന്യൂട്രിമിക്സ് ആണ് പ്രതിസന്ധിയിലായിരിക്കുന്നത്. അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും പത്തര ലക്ഷത്തോളം രൂപയാണ് ഇവര്‍ക്ക് കിട്ടാനുള്ളത്

പഞ്ചായത്ത് കമ്മറ്റിയുടെ അംഗീകാരമില്ലാതെ ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ഉത്പന്നങ്ങള്‍ വാങ്ങിയതാണ് പണമനുവദിക്കാന്‍ കഴിയാത്തതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോണ്‍സന്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടുകാലം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ സംരഭത്തിനാണിപ്പോള്‍ പൂട്ട് വീഴാനൊരുങ്ങുന്നത്.ഇതോടെ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ പണം ഇല്ലാതായി. ഉണ്ടായിരുന്ന സ്വര്‍ണ്ണം പണയം വെച്ചും കടം വാങ്ങിയും സാധനങ്ങള്‍ വാങ്ങി കുറച്ച് കാലം ഉല്‍പ്പാദനം തുടര്‍ന്നു. പ്രതിസന്ധി മൂലം ഇപ്പോള്‍ പ്രവര്‍ത്തനം നാമമാത്രമായി മാറി. ലക്ഷങ്ങളുടെ കടക്കെണിയിലുമായി. ആകെയുള്ള സ്വര്‍ണ്ണം വരെ പണയംവെച്ച് തുടങ്ങിയ സംരംഭമാണെന്നും പഞ്ചായത്ത് പണം നല്‍കാഞ്ഞതോടെ തീരാ ദുരിത്തിലാണെന്നും സംരംഭക പറയുന്നു.

20 വനിതകള്‍ ചേര്‍ന്ന് ബാങ്ക് വായ്പയൊക്കെയെടുത്ത് തുടങ്ങിയതാണ് ഇടുക്കി സന്യാസിയോടയിലെ സമൃദ്ധി കുടുംബശ്രീ ന്യൂട്രീമിക്‌സ്. ഇപ്പോള്‍ അവശേഷിക്കുന്നത് ആറു പേര്‍ മാത്രമാണ്. അംഗനവാടി കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പൊടി ഉള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് ഇവര്‍ ഉത്പാദിപ്പിച്ചിരുന്നത്. ഹൈറേഞ്ചിലെ ആറ് പഞ്ചായത്തുകളിലെ അംഗനവാടികള്‍ക്ക് ഇവര്‍ അമൃതം പൊടി നല്‍കുന്നുണ്ട്. എന്നാല്‍ കൊവിഡ് കാലത്തടക്കം അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വിതരണം ചെയ്ത സാധനങ്ങളുടെ പണമായ പത്തര ലക്ഷം രൂപ ഇവര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല.

Top