അമൃത്പാൽ സിങ് കീഴടങ്ങി; കനത്ത സുരക്ഷയിൽ പഞ്ചാബ്

ദില്ലി: ദില്ലി: ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങി. പഞ്ചാബിലെ മോഗ ഗുരുദ്വാരയിൽ ഇയാൾ പൊലീസ് പിടിയിലുള്ള ദൃശ്യങ്ങൾ പുറത്ത് വന്നു. അമൃത്പാലിനെയും കൂട്ടാളികളെയും അസമിലെ ദിബ്രുഗഡിലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. അമൃത്പാലിന്റെ അറസ്റ്റ് വിവരം പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 6.45 നാണ് അമൃത്പാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. സമാധാനം പാലിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

നേരത്തെ പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട അമൃത്‌പാലിനായി രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാ ഏജൻസികൾ തെരച്ചിൽ നടത്തിയിരുന്നു. റോഡ് അപകടത്തില്‍ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിന്റെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു. ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘർഷവും ഇയാള്‍ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. ഒപ്പമുള്ള ലവ്പ്രീതി സിങിനെ അജ്നാന പൊലീസ് പിടികൂടിയപ്പോള്‍ അമൃത്പാലി‍ന്റെ അനുചരന്മാര്‍ ആയുധങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയിരുന്നു. തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇയാൾക്കെതിരെ നിലവില്‍ ഉണ്ട്.

ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിന് മുന്നിൽ കീഴടങ്ങുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്ന് പഞ്ചാബ് പൊലീസ്. ഇയാൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാൻ പഞ്ചാബിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മാർച്ച് 18 നാണ് അമൃത്പാൽ നേരത്തേ അറസ്റ്റിലായത്. അന്ന് ജലന്ധറിലെ സാകോട്ട് ടെഹ്സിലിലേക്ക് അമൃത്പാല്‍ എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘമാണ് അമൃത്പാലിനെ പിടികൂടിയത്. പക്ഷെ പൊലീസ് കസ്റ്റഡിയിൽ നിന്ന് അമൃത്പാൽ രക്ഷപ്പെട്ടു. ഒരു മാസത്തോളം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. അതിനിടെ ഇയാളുടെ ഭാര്യയെയും അടുത്ത അനുയായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അമൃത്പാലിനെ പരമാവധി സമ്മർദ്ദത്തിലാക്കി കീഴ്പ്പെടുത്തുകയെന്ന പൊലീസ് തന്ത്രം വിജയിക്കുകയായിരുന്നു.

Top