അമൃത്പാലിന്റെ ഭാര്യയെ വിമാനത്താവളത്തിൽ തടഞ്ഞ് പൊലീസ്; ചോദ്യം ചെയ്യലിന് കൊണ്ടുപോയി

അമൃത്സർ: ഖലിസ്ഥാൻ വാദി നേതാവും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാൽ സിംഗിന്‍റെ ഭാര്യയെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്യുന്നു. ലണ്ടനിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയ അമൃത്പാൽ സിംഗിന്റെ ഭാര്യ കിരൺ ദീപ് കൗറിനെ പൊലീസ് തടയുകയായിരുന്നു. ഇതിന് ശേഷം കിരൺ ദീപ് കൗറിനെ ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോകുകയും ചെയ്തു.

ലണ്ടൻ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പായിരുന്നു അമൃത്‌സർ വിമാനത്താവളത്തിൽ വച്ച് കിരൺ ദീപ് കൗറിനെ പൊലീസ് തടഞ്ഞത്. അമൃത്‌സറിലെ ശ്രീ ഗുരുറാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വകുപ്പാണ് ഇവരെ ആദ്യം തടഞ്ഞുവച്ചത്. പിന്നീട് പൊലീസെത്തി ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയായിരുന്നു. ഉച്ചയ്ക്ക് 2:30 ന് ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യ ഫ്ലൈറ്റിൽ ബിർമിംഗ്ഹാമിലേക്ക് പോകാനായിരുന്നു കിരൺ ദീപ് കൗർ എത്തിയത്. 12:20 ന് കിരൺ ദീപ് കൗർ വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലെത്തി. എന്നാൽ എമിഗ്രേഷൻ വിഭാഗത്തിലുള്ളവർ യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി.

യുകെയിൽ നിന്നുള്ള എൻ ആർ ഐ ആയ കിരൺദീപ് കൗർ അടുത്തിടെയാണ് അമൃത്പാൽ സിംഗിനെ വിവാഹം കഴിച്ചത്. അമൃത്പാൽ ഒളിവിൽ പോയ ശേഷം ഇവരെയും പൊലീസ് നിരീക്ഷിച്ചിരുന്നു. കിരൺദീപ് കൗറിൽ നിന്ന് ഭർത്താവ് എവിടെയാണെന്ന് അറിയാനാകുമോയെന്നാണ് പൊലീസ് നോക്കുന്നത്.

Top