അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി യുകെ സ്വദേശിനി ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലത്ത് അമൃതപുരിയിലെ അമൃതാനന്ദമയി മഠത്തിന്റെ 11 ാം നിലയില്‍ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിയായ സ്റ്റെഫെഡ് സിയോന എന്ന 45കാരിയാണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് ഇവര്‍ മഠത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.

മരിച്ച യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതര്‍ പ്രതികരിച്ചു. ഉച്ചയ്ക്കും ഇവര്‍ താഴേക്ക് ചാടാന്‍ ശ്രമിച്ചിരുന്നു. പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് ഇവര്‍ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത്.

ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തില്‍ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തതില്‍ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Top