നവജാത ശിശുവിനെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; പ്രതി ഒളിവില്‍

കൊച്ചി: മംഗലാപുരത്തുനിന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിനെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ ഒളിവില്‍ പോയി.

ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്നും പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ ഒളിവിലാണെന്ന വിവരമാണ് ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കോതമംഗലം പൈങ്ങോട്ടൂര്‍ കടവൂര്‍ സോമസുന്ദരത്തിന്റെ മകന്‍ ബിനില്‍ സോമസുന്ദരത്തിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. മതവിദ്വേഷം പരത്തി എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ. എ.എ. അന്‍ഷാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് നടപടി.

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലുമാണ് കുറിപ്പിട്ടത്.

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Top