മഹാരാഷ്ട്രയില്‍ വര്‍ധിച്ചു വരുന്ന വിവാഹ മോചനത്തിന് കാരണം ഗതാഗത കുരുക്കെന്ന് അമൃത ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയില്‍ വര്‍ധിച്ചു വരുന്ന വിവാഹ മോചനത്തിന് കാരണം ഗതാഗത കുരുക്കെന്ന വിചിത്ര വാദവുമായി മുന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്.

സംസ്ഥാനത്ത് നടക്കുന്ന മൂന്നു ശതമാനം വിവാഹ മോചനങ്ങള്‍ക്ക് കാരണം ഗതാഗത കുരുക്കാണ്. ഗതാഗത കുരുക്ക് കാരണം പല ഭര്‍ത്താക്കന്മാര്‍ക്കും വീടുകളില്‍ സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ല ഇത് വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നു. മാധ്യമ പ്രവര്‍ത്തകരോടായിരുന്നു അമൃത ഫഡ്‌നാവിസിന്റെ വിചിത്ര അഭിപ്രായ പ്രകടനം.

ഗതാഗത കുരുക്കില്‍പ്പെട്ട് ദിവസം തോറും ഏറെ സമയം നഷ്ടപ്പെടുന്നുണ്ട്. പലര്‍ക്കും സ്വന്തം കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ പോലും ആകുന്നില്ല. ഇത്തരം സാഹചര്യമാണ് സംസ്ഥാനത്തെ മൂന്നു ശതമാനം വിവാഹ മോചനങ്ങള്‍ക്കും വഴി വെക്കുന്നതെന്നാണ് അമൃത കണ്ടെത്തിയിരിക്കുന്നത്. റോഡുകളില്‍ കണ്ടു വരുന്ന കുഴികളും ഗതാഗത കുരുക്കും ഞങ്ങളെ ഏറെ അസ്വസ്ഥമാക്കുന്നതാണെന്നും ഒരു സ്ത്രീയെന്ന നിലയില്‍ മാത്രമാണ് ഇത്തരം അഭിപ്രായം പ്രകടിപ്പിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രിയുടെ ഭാര്യ വ്യക്തമാക്കി.

എന്നാല്‍ അമൃതയുടെ വിചിത്ര വാദം സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിനും പരിഹാസത്തിനുമാണ് വഴിവെച്ചത്. ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും പരിഹാസവുമായി രംഗത്തുവന്നു. ബെസ്റ്റ് ലോജിക് അവാര്‍ഡ് കൊടുക്കേണ്ടത് സംസ്ഥാനത്തെ വിവാഹമോചനങ്ങള്‍ക്ക് കാരണം കണ്ടെത്തിയ സ്ത്രീക്ക് നല്‍കണമെന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. ഇത് ബംഗ്ലൂരുവില്‍ താമസിക്കുന്നവര്‍ കേള്‍ക്കരുതെന്നും നിങ്ങളുടെ വിവാഹ ജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും പ്രിയങ്ക പരിഹസിച്ചു.

Top