അംപയറോട് പൊട്ടിത്തെറിച്ചു; വിവാദം സൃഷ്ടിച്ച്‌ ക്രുണാല്‍ വില്ലനായി

ന്യൂസീലണ്ടുമായുള്ള ആദ്യ ടി20 പോരാട്ടത്തിൽ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്‌ച്ച വയ്ക്കാനായിരുന്നില്ല. രണ്ട് താരങ്ങള്‍ ഒഴികെ പന്തെടുത്ത മറ്റ് മൂന്ന് പേരും ശരാശരി 11 റണ്‍സിലധികം വഴങ്ങി.

നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് കുറഞ്ഞ കണക്കിൽ പന്തെറിഞ്ഞ താരങ്ങളിലൊരാള്‍. എന്നാല്‍ മുഖം രക്ഷിക്കുന്നതിനിടയിലും വിവാദം സൃഷ്ടിച്ച്‌ ക്രുണാല്‍ വില്ലനായി.

ക്രുണാല്‍ എറിഞ്ഞ ഒൻപതാം ഓവറിലായിരുന്നു സംഭവം. ആദ്യ പന്ത് നേരിടുന്ന നായകന്‍ കെയ്‌ന്‍ വില്യംസണായിരുന്നു ക്രീസില്‍. പാണ്ഡ്യയെ സ്‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ച്‌ സിംഗിളെടുക്കാനായിരുന്നു വില്യംസണിന്‍റെ പ്ലാന്‍.

എന്നാല്‍ നോണ്‍ ‌സ്‌ട്രൈക്കര്‍ ടിം സിഫേര്‍ട്ടിന്‍റെ നേര്‍ക്ക് വന്ന പന്ത് പിടിക്കാന്‍ ക്രുണാല്‍ ശ്രമം നടത്തി. എന്നാല്‍ സിഫേര്‍ട്ടുമായി കൂട്ടിമുട്ടിയ ക്രുണാലിന് പന്ത് കൈയിലൊതുക്കാനായില്ല.

ഇതോടെ ശക്തമായ അപ്പീലുമായി ക്രുണാല്‍ അംപയറോട് കോപിച്ചു. ഫീല്‍ഡിംഗ് തടപ്പെടുത്തിയാല്‍ വിക്കറ്റ് അനുവദിക്കാമെന്ന ക്രിക്കറ്റ് നിയമം മുന്‍നിര്‍ത്തിയായിരുന്നു ക്രുണാലിന്‍റെ അപ്പീല്‍. എന്നാല്‍ അംപയര്‍ അത് ഗൗനിച്ചില്ല. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ഇടപെട്ടെങ്കിലും അംപയര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു.

Top